തെരുവ് നായ പ്രശ്‌നം കേരളത്തില്‍ മാത്രം രൂക്ഷമാകാന്‍ കാരണമെന്തെന്ന് സുപ്രീം കോടതി

kannan-copyദില്ലി: തെരുവ് നായ പ്രശ്‌നം കേരളത്തില്‍ മാത്രം ഇത്ര രൂക്ഷമാകാന്‍ കാരണമെന്തെന്ന് സുപ്രീം കോടതി. പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ കടിയേല്‍ക്കുന്നവര്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേസിലെ എല്ലാ കക്ഷികള്‍ക്കും കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ തെരുവ് നായ ശല്യത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.
സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം കുറയ്ക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി വേണമെന്നാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വന്ധ്യംകരണത്തിലൂടെ മാത്രം തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം കാണാന്‍ ആകില്ല. വന്ധ്യംകരണം കൊണ്ട് നായ്ക്കളുടെ എണ്ണം കുറക്കാന്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലുമെടുക്കുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ തെരുവ് നായകളെ കൊല്ലാന്‍ ജനങ്ങള്‍ നിയമം കയ്യില്‍ എടുക്കും. സമീപകാല സര്‍വ്വേ പ്രകാരം 85% പേരും നായ്ക്കളെ ഉടന്‍ കൊല്ലണമെന്ന അഭിപ്രായക്കാരാണ്. ആക്രമണം വര്‍ധിച്ചതോടെ ജനങ്ങള്‍തന്നെ പരസ്യമായി തെരുവ് നായ്ക്കളെ കൊല്ലുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടത്തും ഉണ്ടെന്നും ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ തെരുവുനായ ശല്യം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കോടതി ഇന്ന് പരിഗണിച്ചത്.

 

KCN

more recommended stories