ജില്ലാ ഹോമിയോ ആശുപത്രിയില്‍ സംഘടിപ്പിച്ച ആയുര്‍ഹരിതം 2016 ശ്രദ്ധേയമായി

ayurharitham-copyകാഞ്ഞങ്ങാട്: നാഷണല്‍ ആയുഷ്മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ല, നീലേശ്വരം കടിഞ്ഞിമൂലയിലെ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ പി.വി.ദിവാകരന്റെ ജീവനം പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഒരുക്കിയ ആയുര്‍ഹരിതം ഹോമിയോപ്പതി ഔഷധ ഉദ്യാനം, ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ ഹോമിയോ ആശുപത്രി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഔഷധ ചെടികള്‍ സംഭാവന ചെയ്ത പി.വി.ദിവാകരനെയും ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ മികച്ച സേവനത്തിന് ഡോ.പി.രതീഷ്, ഡോ.സിന്ധു വേണുഗോപാല്‍ എന്നിവരെയും എ.ജി.സി.ബഷീര്‍ ആദരിച്ചു. ഡോ.രാജേഷ് കരിപ്പത്ത്, ഡോ.പി.രതീഷ് എന്നിവര്‍ എണ്‍പതോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഔഷധച്ചെടികളെയും അതിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. നൂറോളം ഔഷധസസ്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. മറ്റ് ചികില്‍സാ ശാസ്ത്രത്തില്‍ മരുന്നില്ലാത്ത പല അസുഖങ്ങളും ഹോമിയോപ്പതി ചികില്‍സ തേടി രോഗശമനം പ്രാപിക്കുന്നുണ്ടെന്നും വിദ്യാസമ്പന്നര്‍ ഈ ചികില്‍സാശാസ്ത്രത്തിന്റെ മേന്‍മകള്‍ തിരിച്ചറിയുന്നുണ്ടെന്നും കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ആദ്യത്തെ മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് എ.ജി.സി.ബഷീര്‍ ആവശ്യപ്പെട്ടു. ജനപ്രീതി ആര്‍ജ്ജിച്ച ഹോമിയോപ്പതി ചികില്‍സയ്ക്ക് ആയുര്‍ഹരിതം 2016 പോലുള്ള പരിപാടികള്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭ 14 ആം വാര്‍ഡ് കൗണ്‍സിലര്‍ റംഷീദ് ഹോസ്ദുര്‍ഗ്ഗ് അദ്ധ്യക്ഷം വഹിച്ചു. പടന്നക്കാട് കാര്‍ഷിക കോളജ് പ്രൊഫസര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഡോ.എ.രാജഗോപാലന്‍, സൂപ്രണ്ട്, ഡി.ഇ.ഒ, കാഞ്ഞങ്ങാട് വി.കെ.ശശികുമാര്‍, മിഡ് ടൗണ്‍ കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് എ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.വി.സുലേഖ സ്വാഗതവും നന്ദലാല്‍ നന്ദിയും പറഞ്ഞു.

 

 

KCN

more recommended stories