വിരലില്‍ പുരട്ടാനുള്ള മഷി മൈസൂരില്‍ നിന്ന്; കേരളത്തിനു ചിലവ് 70 ലക്ഷം

sanabil-copyതിരുവനന്തപുരം : ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വലതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടണമെന്ന കേന്ദ്ര നിര്‍ദേശം വന്നതോടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് (എംപിവിഎല്‍). വോട്ടു ചെയ്യാനെത്തുന്നവരുടെ കൈവിരലില്‍ പുരട്ടുന്ന മഷി നിര്‍മിക്കുന്ന കര്‍ണാടകയിലെ ഈ പൊതുമേഖലാ സ്ഥാപനത്തിനാണ് ബാങ്കുകളില്‍ മഷി വിതരണം ചെയ്യുന്നതിന്റെയും ചുമതല.ബാങ്കുകള്‍ക്കായി വിതരണം ചെയ്യുന്ന മഷിയുടെ അഞ്ച് എംഎല്‍ പാക്കറ്റിന് 115.92 രൂപയാണ് വിലയെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. മഷി പുരട്ടാനുള്ള ബ്രഷും തുടയ്ക്കാനുള്ള സ്‌പോഞ്ചും പാക്കറ്റിനൊപ്പം വിതരണം ചെയ്യും. ഇതുപയോഗിച്ച് 600 പേരുടെ കൈയില്‍ മഷിപുരട്ടാന്‍ കഴിയും.എംപിവിഎല്‍ റിസര്‍വ് ബാങ്കിനു നേരിട്ടാണ് മഷി കൈമാറുന്നത്. റിസര്‍വ് ബാങ്ക് ഓരോ സംസ്ഥാനത്തും വിതരണം ചെയ്യും. ആവശ്യത്തിനു മഷി സ്റ്റോക്കുണ്ടെന്നും റിസര്‍വ് ബാങ്കിനു നല്‍കേണ്ട മഷിയുടെ അളവു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മഷി ഒരു മാസം വരെ വിരലില്‍നിന്നു മായാതെ നില്‍ക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
നോട്ടിനു പിന്നാലെ നാടിന്റെ നെട്ടോട്ടം.റിസര്‍ബാങ്കിന്റെ ഓര്‍ഡര്‍ സംബന്ധിച്ച മറ്റു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഉടന്‍തന്നെ മഷി വിതരണം ചെയ്യാന്‍ കഴിയുമെന്നാണു കമ്പനി പറയുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 24,494 പോളിങ് ബൂത്തുകളില്‍ രണ്ടു ബോട്ടില്‍ മഷിക്കുപ്പി വീതമാണ് എംപിവിഎല്‍ വിതരണം ചെയ്തത്. ഒരു ബോട്ടിലിന് 142 രൂപയ്ക്കായിരുന്നു (നികുതി കൂട്ടാതെ) വിതരണം. 69,56,296 രൂപ (നികുതി കൂട്ടാതെ) സംസ്ഥാനത്തിനു ചെലവായി.
1937 ലാണ് മൈസൂര്‍ രാജാവ് മൈസൂര്‍ പെയിന്റ് വര്‍ക്‌സ് സ്ഥാപിച്ചത്. പിന്നീട് കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്തു. 1989 ല്‍ ഇന്നത്തെ പേരിലേക്കു മാറി. മഷി കൂടാതെ പെയിന്റും വാര്‍ണിഷും പോളിഷും പ്രൈമറും അടക്കമുള്ള ഉല്‍പന്നങ്ങളും കമ്പനി നിര്‍മിക്കുന്നുണ്ട്. 28 രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കള്ളവോട്ടു തടയാന്‍ 1962ലെ തിരഞ്ഞെടുപ്പു മുതലാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഈ മഷി ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പു കമ്മിഷനു മാത്രമേ എംപിവിഎല്‍ മഷി നിര്‍മിച്ചു നല്‍കുന്നുള്ളൂ.
അക്കൗണ്ടില്ലാത്ത ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാനെത്തുമ്പോള്‍ ഒരു തവണ നോട്ടു മാറിയ വ്യക്തിയെ തിരിച്ചറിയാനും വീണ്ടും നോട്ടു മാറുന്നത് ഒഴിവാക്കാനുമാണ് കൈവിരലുകളില്‍ മഷി പുരട്ടണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം നല്‍കിയത്.

 

KCN

more recommended stories