വൈദ്യുതാഘാതമേറ്റ് രണ്ട് ആനകള്‍ ചെരിഞ്ഞു

ababeel copy

മേട്ടുപ്പാളയം: വൈദ്യുതാഘാതമേറ്റ് രണ്ട് ആനകളെ ചെരിഞ്ഞ നിലയിലും മറ്റൊരു കുട്ടിക്കൊമ്പനെ തുമ്പിക്കൈ അറ്റനിലയിലും കണ്ടെത്തി. മേട്ടുപ്പാളയം ദാസംപാളയത്തിനടുത്ത് നെല്ലിമല റിസര്‍വ് വനത്തിനോട് ചേര്‍ന്ന തെങ്ങിന്‍ തോട്ടത്തിലാണ് പിടിയേയും കുട്ടിക്കൊമ്പനെയും കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാണുംപൊങ്കലായ തിങ്കളാഴ്ച സമയപുരം, കുറുമ്പനൂര്‍ ഭാഗത്ത് കറങ്ങിയിരുന്ന മുപ്പതോളം വരുന്ന കാട്ടാനകൂട്ടത്തില്‍ പെട്ട അമ്മയും കുഞ്ഞുങ്ങളുമാണ് കെണിയില്‍ പെട്ടത്. ഒരേ ആനക്കൂട്ടത്തിലെ 35 വയസ്സുള്ള പിടിയാനയും 6 വയസ്സുള്ള കൊമ്പനുമാണ് ദാരുണാന്ത്യം. സമീപത്ത് തന്നെയുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടിക്കൊമ്പന്‍ തുമ്പിക്കൈ പകുതി അറ്റനിലയിലായിരുന്നെങ്കിലും ജനകൂട്ടംകണ്ട് അടുത്തുള്ള ചോളക്കാട്ടിലേക്ക് കയറി. രാവിലെ 7 മണിയോടെ വിവരമറിഞ്ഞ് ബീറ്റ്ഓഫീസര്‍ രവിയുടെ നേതൃത്തത്തില്‍ എത്തിയ വനപാലക സംഘം ഉയര്‍ന്നഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം കുട്ടിയാനയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കൊമ്പനെ കിട്ടിയില്ല. തുടര്‍ന്ന് കൂടുതലായി എത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയാനയെ വലവിരിച്ചും, കയറിട്ടും പിടികൂടുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരനായ കന്തസ്വാമിയുടെ കൈ ഒടിഞ്ഞു പിന്നീട് ആനകുട്ടിയെ കോത്തഗിരി റോഡിലെ വനംവകുപ്പിന്റെ മരഡിപ്പോയിലെത്തിച്ചു. ചികിത്സ കഴിഞ്ഞ് മുതുമലയിലേ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. തെങ്ങിന്‍ തോട്ടമുടമയായ ബുള്ളറ്റ് പഴനിസ്വാമിക്കെതിരെ വനംവകുപ്പ് കേസെടുത്തു. പഴനിസ്വാമി ഒളിവിലാണ്. ഇയാളുടെ തോട്ടത്തിലെ മോട്ടോര്‍ മുറിയില്‍ നിന്നുള്ള ത്രീഫേസ് വൈദ്യുതിലൈനില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തോട്ടത്തിനകത്ത് തലങ്ങുംവിലങ്ങും കമ്പികള്‍ വലിച്ച് കെട്ടിയനിലയില്‍ വൈദ്യുതിവകുപ്പ് അധികൃതര്‍ കണ്ടെത്തി. ഇതല്ലാതെ മൃഗശല്യം ഒഴിവാക്കാന്‍ തെങ്ങിന്‍ തടത്തിലേക്കു വെള്ളംപോകുന്ന ചാലിലും വൈദ്യുതി കടത്തിവിട്ടതായ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കരുതികൂട്ടിയാണ് ഇയാള്‍ വൈദ്യുതി കടത്തിവിട്ടിരുന്നതെന്ന് വൈദ്യുതിബോര്‍ഡ് എന്‍ജിനീയര്‍ രാജച്ചന്ദ്രശേഖരന്‍ പറഞ്ഞു. മൃഗങ്ങളെ വിരട്ടാന്‍ ബാറ്ററി ഉപയോഗിച്ചുള്ള വൈദ്യുതകമ്പിവേലിയൊന്നും ഇവിടെയില്ല. പിടിയാന കിടന്ന സ്ഥലത്ത് നിന്ന് മീറ്ററുകളോളം ദൂരെയാണ് കൊമ്പന്റെ ജഡം കണ്ടെത്തിയത്. രണ്ടാനകളുടെയും തുമ്പിക്കൈയിലും കാലിലും കമ്പികുരുങ്ങിയ നിലയിലും തുമ്പിക്കൈ പകുതിപിളര്‍ന്ന നിലയിലുമാണ് ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതെസമയത്താണ് കുറുമ്പനൂരില്‍ രാസവളം കഴിച്ച നിലയില്‍ 30വയസ്സുള്ള പിടിയും, തൊട്ടടുത്തുള്ള കാട്ടില്‍ കുട്ടികൊമ്പനെയും ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കല്ലാറില്‍ വൈദ്യുതിപോസ്റ്റ് മറിഞ്ഞ് ഷോക്കേറ്റ് കൊമ്പന്‍ ചെരിഞ്ഞതും ഇതില്‍പ്പെടും. സത്യമംഗലം കടുവസംരക്ഷണകേന്ദ്രം വെറ്റിനറി ഡോക്ടര്‍ കെ. അശോകന്‍ സ്ഥലത്തെത്തി കുട്ടിയാനക്ക് ചികിത്സ ആരംഭിച്ചു. മറ്റാനകളുടെ പോസ്റ്റ് മോര്‍ട്ടവും ഇദ്ദേഹമാണ് ചെയ്യുന്നത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ചികിത്സിച്ചാല്‍ ആനകുട്ടിക്ക് സുഖംപ്രാപിക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അന്‍വര്‍ദീന്‍, ഡിഎഫ്ഒ രാമസുബ്രമണിയം, റെഞ്ജര്‍ നസീര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

 

KCN

more recommended stories