സത്യപ്രതിജ്ഞ കഴിഞ്ഞു; എം.എല്‍.എമാര്‍ വീണ്ടും റിസോര്‍ട്ടില്‍

fine gold copy

ചെന്നൈ: സംഭവബഹുലമായ ഒമ്പത് ദിവസത്തിനൊടുവില്‍ റിസോര്‍ട്ടില്‍ നിന്ന് മോചനം കിട്ടിയ എം.എല്‍എമാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തി. പഴനി സാമി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനാണ് എം.എല്‍.എമാര്‍ക്ക് ഇടവേള നല്‍കിയത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞതും എം.എല്‍.എമാരെ കൊണ്ടുപോയ അതേ വാഹനങ്ങളില്‍ തന്നെ തിരിച്ച് റിസോര്‍ട്ടിലെത്തിച്ചു. ശനിയാഴ്ചയാണ് നിയമസഭാ സമ്മേളനം ചേരുക. അന്ന് തന്നെ പഴനി സാമി സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് തേടും. പനീര്‍ശെല്‍വം ക്യാമ്പിലേക്ക് എം.എല്‍.എമാര്‍ ചേക്കേറാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ശശികല ക്യാമ്പ് റിസോര്‍ട്ട് വാസം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച റിസോര്‍ട്ടില്‍ നിന്ന് നേരെ നിയമസഭയിലേക്ക് എം.എല്‍.എമാരെ എത്തിക്കുമെന്നാണ് അറിയുന്നത്. 120 ഓളം എം.എല്‍.എമാരെയാണ് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നിയുക്ത മുഖ്യമന്ത്രി എടപ്പാടി പഴനി സാമിക്ക് മന്ത്രിസഭ രൂപവത്കരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണമെത്തിയതോടെയാണ് എം.എല്‍.എമാര്‍ക്ക് റിസോര്‍ട്ടില്‍ നിന്ന് ഇന്ന് താത്കാലിക മോചനമായത്. എന്നാല്‍ അതിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരം ഏഴ് മണിയോടെ എല്ലാവരേയും മടക്കിയെത്തിച്ചു. ശനിയാഴ്ചത്തെ ബലപരീക്ഷണമാണ് ഇനി തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. റിസോര്‍ട്ടില്‍ നിന്ന് സഭയിലെത്തുന്ന എം.എല്‍.എമാര്‍ പഴനിസാമിയുടെ വിശ്വാസപ്രമേയത്തെ അനുകൂലിക്കുമോ അതോ സഭയിലെത്തി മറുപക്ഷത്തേക്ക് മാറുമോ എല്ലാ ചോദ്യത്തിനും ഉത്തരം ശനിയാഴ്ചയുണ്ടാകും. പനീര്‍ശെല്‍വം ചേരിയും ശശികല പക്ഷവും തന്ത്രവും മറുതന്ത്രവുമായി അധികാരത്തിലെത്താന്‍ കരുക്കള്‍ നീക്കുന്നതില്‍ വ്യാപൃതരാണ്. 124 എം.എല്‍.എമാരുടെ പിന്തുണയാണ് ശശികല ക്യാമ്പ് അവകാശപ്പെടുന്നത്.

 

KCN

more recommended stories