ബജറ്റ് വിഹിതം: ബന്തടുക്ക ഗവ. സ്‌കൂളിന് വികസനപ്രതീക്ഷ

ബന്തടുക്ക: മലയോരത്തെ ഗവ. സ്‌കൂളിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായി സംസ്ഥാന ബജറ്റ്. മൂന്നുകോടി രൂപയാണ് ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബജറ്റില്‍ വകയിരുത്തിയത്. ഇതോടെ ഏറെക്കാലമായുള്ള പരാധീനതകള്‍ക്കും വികസനകാത്തിരിപ്പിനും ശാശ്വതപരിഹാരമാകും. 50 വര്‍ഷത്തിലധികം പഴക്കമുള്ള ക്ലാസ് മുറികളുടെ സ്ഥാനത്ത് ആധുനിക സൗകര്യങ്ങളുള്ള അക്കാദമിക് ബ്ലോക്ക്, ഓഫീസ് ബ്ലോക്ക് എന്നിവ നിര്‍മിക്കും. നാട്ടുകാരും പി.ടി.എ.യും ഒന്നിച്ച് ‘കോട്ടക്കാല്‍ കൂട്ടായ്മ’ എന്നപേരില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ സ്വപ്നപദ്ധതികളെല്ലാം ഈ ഫണ്ടിലൂടെ നടപ്പാക്കാനാകും. 1600ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കലും ലൈബ്രറി, കളിസ്ഥലങ്ങള്‍, അസംബ്ലി ഹാള്‍ കം ഓഡിറ്റോറിയം എന്നിവയുടെ നിര്‍മാണവും പാചകപ്പുര നവീകരണവും സ്‌കൂള്‍ സൗന്ദര്യവത്കരണവും ഉടന്‍ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും പി.ടി.എ.യും. എം.പി. ഫണ്ടില്‍നിന്ന് 28 ലക്ഷം രൂപ അനുവദിച്ചതിനാല്‍ കെമിസ്ട്രി ലാബിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷം മികച്ച പി.ടി.എ.ക്കുള്ള ജില്ലാ റവന്യൂ പുരസ്‌കാരം സ്‌കൂളിന് ലഭിച്ചിരുന്നു. സ്വപ്നപദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി എന്‍ജിനീയര്‍മാരുടെയും ആര്‍ക്കിടെക്ടുകളുടെയും യോഗം ഉടന്‍ ചേരും. എപ്രില്‍ ആദ്യവാരം വികസന സെമിനാര്‍ സംഘടിപ്പിച്ച് വികസന രൂപരേഖ തയ്യാറാക്കുമെന്ന് പി.ടി.എ. പ്രസിഡന്റ് കൃഷ്ണന്‍ മേലത്ത്, പ്രിന്‍സിപ്പല്‍ വി.എസ്. ബാബു എന്നിവര്‍ പറഞ്ഞു.

KCN

more recommended stories