ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ ഡിജിപി ഓഫിസിന് മുന്‍പില്‍ നിരാഹാര സമരം ആരംഭിക്കും. മാതാപിതാക്കള്‍ക്ക് പുറമേ കുടുംബാംഗങ്ങളും നാട്ടുകാരും സമരത്തില്‍ പങ്കെടുക്കും. ജിഷ്ണു മരിച്ച് 75 ദിവസമായിട്ടും പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അസി.പ്രൊഫസര്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഓ സജിത് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ഡിജിപി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനൊരുങ്ങുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല. മകന് നീതി വാങ്ങിക്കൊടുത്തിട്ടേ തിരിച്ചുവരൂ എന്ന് ജിഷ്ണുവിന്റെ അമ്മ പ്രതികരിച്ചു. ശക്തിവേല്‍, പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തൃശ്ശൂര്‍ ജില്ലാ കോടതി തള്ളിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും കുടുംബം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

KCN

more recommended stories