കറന്‍സി ഇടപാട് പരിധി രണ്ട് ലക്ഷമാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കറന്‍സി ഇടപാട് നടത്താനുള്ള ഉയര്‍ന്ന പരിധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നേരത്തെ പ്രഖ്യാപിച്ചിരുന്ന മൂന്ന് ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി കുറയ്ക്കാനാണ് നിര്‍ദേശം. ധനകാര്യബില്ലില്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് പുതിയ ശുപാര്‍ശ. ഫെബ്രുവരിയില്‍ ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കറന്‍സി ഇടപാട് നടത്താനുള്ള പരിധി മൂന്ന് ലക്ഷമാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ലക്ഷത്തിനുമേല്‍ പണം നേരിട്ട് കൈമാറി നടത്തുന്ന ഇടപാടുകള്‍ നിയമവിരുദ്ധമാക്കാനും ഇടപാടുകാര്‍ക്ക് ശിക്ഷ ലഭിക്കാനും തക്കവിധം നിയമനിര്‍മ്മാണം നടത്തുമെന്നുമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചത്. നോട്ടു നിരോധനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കള്ളപ്പണം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായും ആയിരുന്നു അത്. ഇതാണിപ്പോള്‍ രണ്ട് ലക്ഷമാക്കി ഗവണ്‍മെന്റ് പുനര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല ധനകാര്യ ബില്ലില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തെ ടിഎംസി, ബിജെഡി, ആര്‍എസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തു. പിന്‍വാതിലിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

KCN

more recommended stories