പ്രകൃതിചൂഷണത്തിനെതിരെ കുട്ടികളുടെ സംരക്ഷണവലയം

കാസര്‍കോട് : കൂട്ടക്കനിയിലെ കുട്ടികളും അധ്യാപകരും പരിസ്ഥിതിപ്രവര്‍ത്തകരും ചേര്‍ന്ന് സംരക്ഷണവലയം തീര്‍ത്ത് പ്രകൃതിചൂഷണത്തിനെതിരെ പ്രതികരിച്ചു.കൂട്ടക്കനി പ്രദേശത്തിന്റെ ജലസംഭരണിയായ മൈലാട്ടിക്കുന്നിനെ ഇല്ലാതാക്കാന്‍ ചെങ്കല്‍ക്വാറി, മണ്ണുകടത്ത് സംഘങ്ങള്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനെതിരെ കൂട്ടക്കനി ഗവ. യു.പി.സ്‌കൂള്‍ കുട്ടികള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടുവരുന്നുണ്ടായിരുന്നു. അതിനിടയില്‍ കുറച്ചുനാളുകളായി കുന്നിന്റെ നെറുകയില്‍നിന്ന് രഹസ്യമായി ചെങ്കല്ല് മുറിച്ചുകടത്തുകയാണ്.

അനധികൃതമായി നടത്തുന്ന ഖനനം, നാട്ടില്‍ രൂക്ഷമായ കുടിവെള്ളപ്രശ്‌നമാണ് ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ പരിസരവാസികളുടെ സൈ്വരജീവിതത്തെ ബാധിക്കുന്ന തരത്തില്‍ വായുവും ശബ്ദവും മലിനീകരിക്കുന്നുമുണ്ട്. ഇതിനെതിരെയാണ് സ്‌കൂള്‍ പരിസ്ഥിതിക്ലബ്ബ് നാട്ടുകാരുടെ പിന്തുണയോടെ പ്രക്ഷോഭവുമായി ഇറങ്ങിയത്.

അധികൃതരുടെ കണ്‍മുന്നില്‍ നടക്കുന്ന പ്രകൃതിചൂഷണത്തിനെതിരെ ലോക വനദിനത്തില്‍ത്തന്നെ കുട്ടികളും അധ്യാപകരും പരിസ്ഥിതിപ്രവര്‍ത്തകരും ചേര്‍ന്ന് സംരക്ഷണവലയം തീര്‍ത്തു. ഇനിയും ഖനനം തുടര്‍ന്നാല്‍ അത് തടയാനാണ് നാട്ടുകാരുടെ തീരുമാനം.

KCN

more recommended stories