ഒന്‍പതുപതിറ്റാണ്ടിനുശേഷം ജില്ലയില്‍ സമഗ്ര ഭൂസര്‍വേ ആരംഭിക്കുന്നു

കാഞ്ഞങ്ങാട്: ജില്ലയിലെ സമഗ്ര ഭൂസര്‍വേ ഉടന്‍തുടങ്ങും. ആദ്യഘട്ടത്തില്‍ തീരദേശമേഖലയിലെ 10 വില്ലേജുകളിലാണ് സര്‍വേ നടക്കുക. 1925-30 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് മുന്‍പ് ജില്ലയില്‍ സര്‍വേ നടത്തിയത്. അതിനുശേഷം ഇത് ആദ്യാമായിട്ടാണ് റീസര്‍വേ നടക്കുന്നത്.

മാണിയാട്ട്, പിലിക്കോട്, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, അജാനൂര്‍, ചിത്താരി, പള്ളിക്കര (ഒന്ന്, രണ്ട്), കീക്കാന്‍ വില്ലേജുകളാണ് ആദ്യഘട്ട സര്‍വേയ്ക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. അടുത്തദിവസംതന്നെ സര്‍വേജോലികള്‍ തുടങ്ങുമെന്ന് ജില്ലയില്‍ സ്പെഷ്യല്‍ കോ ഓര്‍ഡിനേറ്ററായി നിയമിതനായ എറണാകുളം ജില്ലാ സര്‍വേ െഡപ്യൂട്ടി ഡയറക്ടര്‍ പി.മധുലിമായ പറഞ്ഞു.
ഇതുവരെ നടന്ന സ്ഥലക്രയവിക്രയങ്ങള്‍ സര്‍വേചെയ്ത് നാളധീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തുക എന്നതും സംഘത്തിന്റെ പ്രധാന ദൗത്യമായിരിക്കും. ജില്ലയില്‍ സര്‍ക്കാര്‍ഭൂമി വ്യാപകമായി പലയിടത്തും കൈയേറ്റം നടന്നതായി ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭൂസര്‍വേ സര്‍ക്കാരിനു ഗുണചെയ്യുമെന്നാണ് കരുതുന്നത്.
സര്‍വേ നടപടികള്‍ക്കായി വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന രേഖകള്‍ക്കൊപ്പം അടുത്തിടെ സ്ഥലമുടമകളില്‍നിന്ന് സ്വീകരിച്ച രേഖകളും പരിഗണിക്കും. സ്ഥലമുടമകളുടെ കൈവശാവകാശ ഭൂമിയുടെ അതിര്‍ത്തികള്‍ അളന്നുതിട്ടപ്പെടുത്തിനല്‍കും. ഇതിനായി നിലവിലുള്ള അതിര്‍ത്തിതന്നെയായിരിക്കും പരിഗണിക്കുക. അളന്നുതിട്ടപ്പെടുത്തിയ ഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് പരാതിയില്ലെങ്കില്‍ അംഗീകരിച്ചുനല്‍കും. സര്‍ക്കാര്‍ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുെണ്ടങ്കില്‍ അതിര്‍ത്തി പ്രത്യേകമായി വേര്‍ത്തിരിച്ചുനല്‍കും. ഇവിടെ പുതിയ സര്‍വേക്കല്ലുകളും സ്ഥാപിക്കും.
സര്‍വേസംഘത്തില്‍ വില്ലേജ് അതിര്‍ത്തി നിര്‍ണയത്തിനും ഗണ്ഡം തിരിച്ചുള്ള സര്‍വേയ്ക്കുമായി വെവ്വേറെ സംഘങ്ങളായിരിക്കും പ്രവര്‍ത്തിക്കുക. രണ്ട് സര്‍വയര്‍മാര്‍, ഒരുസഹായി, ഒരു ഡ്രാഫ്റ്റ്സ്മെന്‍ എന്നിവരടങ്ങിയതായിരിക്കും ഒരോസംഘവും. സര്‍വേ നടത്തിയ സ്ഥലത്ത് ഉടമയ്ക്ക് വേണമെങ്കില്‍ സ്വന്തം നിലയില്‍ പുതിയ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാം. ഇതിനുള്ള പ്രത്യേകം കോണ്‍ക്രീറ്റ് കല്ലുകള്‍ എത്തിക്കുന്നതാണ്.
സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട്ട് തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 400 സര്‍വേയര്‍മാരും ഡ്രഫ്റ്റ്സ്മാന്‍മാരും ഉള്‍പ്പെട്ട സംഘമാണ് പരിശീലനത്തിനെത്തിയിട്ടുള്ളത്. പടന്നക്കാട് നടക്കുന്ന പരിശീലനം സംസ്ഥാന സര്‍വേ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഭൂസര്‍വേയ്ക്ക് നാട്ടുകാരുടെ പൂര്‍ണസഹകരണം ഉറപ്പുവരുത്തണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പ്രാദേശിക ജനപ്രതിനിധികളുടെ സഹായവും സംഘത്തിന് ലഭ്യമാക്കും. ജില്ലാകോ ഓര്‍ഡിനേറ്റര്‍ പി.മധുലിമായ, ഡെപ്യൂട്ടി കളക്ടര്‍ എച്ച്.ദിനേശ്, സര്‍വേ അഡീഷണല്‍ ഡയറക്ടര്‍ ഇ.ആര്‍.ശോഭന, ജോയിന്റ് ഡയറക്ടര്‍മാരായ കെ.സുരേന്ദ്രന്‍, ബാബു തെക്കന്‍, െഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍.പുഷ്പ, വിവിധ ജില്ലകളിലെ അസി. ഡയറക്ടര്‍മാരായ പ്രദീപന്‍ മിന്നാടന്‍, സുരേശന്‍ കാണിച്ചേരി, എന്‍.കെ.രാജന്‍, സപ്ന മേലൂക്കടവന്‍ എന്നിവര്‍ സംസാരിച്ചു

KCN

more recommended stories