റിയാസ് മൗലവി വധം : മൂന്ന് പേര്‍ അറസ്റ്റില്‍; സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും സൂചന

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ വെട്ടികൊന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ നിധിന്‍, അഖില്‍ അജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വലയിലാക്കിയത് പഴുതടച്ച അന്വേഷണത്തില്‍.

വെള്ളിയാഴ്ച രാവിലെ 9.50 മണിയോടെ എ ഡി ജി പി രാജേഷ്ദിവാന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അജേഷ് ആണ് പള്ളിയോടനുബന്ധിച്ച മുറിയില്‍ അതിക്രമിച്ചുകടന്ന് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റിയാസ് മൗലവിയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസ് പറഞ്ഞു.

അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് എസ് പി വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോടനുബന്ധിച്ച മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേക പോലീസ് ടീമിന്റെ അന്വേഷണമികവ് മൂലമാണ്. ശാസ്ത്രീയമായ തെളിവുകളുടെയും പഴുതടച്ചുള്ള അന്വേഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ് പി ജയ്ദേവ് ജി, മലപ്പുറം ഡി ഡി ആര്‍ ബി ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍ നായര്‍, സി ഐമാരായ പി കെ സുധാകരന്‍, സി കെ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. റിയാസ് മൗലവിയുടെ സ്വദേശമായ കുടകിലും കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും പോലീസിന് സംശയമുണ്ട്.

KCN

more recommended stories