നവദമ്പതികളെത്തി: കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരത്തിന് പിന്തുണയേറുന്നു

ഉദുമ: കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട്‌ലറ്റ് ജനവാസ കേന്ദ്രമായ കൂളിക്കുന്നില്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരസമിതി നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് പിന്തുണയുമായി നവദമ്പതികളെത്തി.

ഞായറാഴ്ച വിവാഹിതരായ കാസര്‍കോട് പബ്ലിക് സര്‍വന്‍സ് കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞയിലെ ടി.മഹേഷും ഭാര്യ രാജപുരം പടിമരുതിലെ അശ്വതിയുമാണ് കതിര്‍ മണ്ഡപത്തില്‍ നിന്നും നേരെ സമരപ്പന്തലിലെത്തിയത്. ഭാര്യയുടെ കൈ പിടിച്ച് സമര പന്തലിലെത്തിയ നവദമ്പതികളെ സമര സമിതി ഭാരവാഹികള്‍ സ്വീകരിച്ചു.ഇരുവരും മിനുട്‌സ് ബുക്കില്‍ ഒപ്പു ചാര്‍ത്തി സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒരു നാടു മുഴുവന്‍ നടത്തുന്ന സമരത്തിന് ഞങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് മഹേഷ് പറഞ്ഞു.
മദ്യനിരോധ സംസ്ഥാന സമിതിയംഗങ്ങളും, ജില്ലാ കമ്മിറ്റിയംഗങ്ങളും സമര പന്തല്‍ സന്ദര്‍ശിച്ചു. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് മേല്‍ മദ്യഷാപ്പ് അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന സമിതിയംഗം ടി.കെ ഗീതാമ്മ പറഞ്ഞു.
മദ്യം സര്‍ക്കാറിന് ലാഭമല്ല, മനുഷ്യനും നാടിനും സമൂഹത്തിനും സാമ്പത്തികമായും, സാമൂഹികമായും, നഷ്ടം വരുത്തുന്നതും പൊതുസമൂഹത്തിന്റെ സമാധാനം കെടുത്തുന്നതുമാണ് മദ്യമെന്നും, ഭരണകൂടം തന്നെ അതിന്റെ വില്‍പനക്കാരാകുന്നത് ശരിയല്ലെന്നും മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് എ.യു മത്തായി പറഞ്ഞു. ഇരുപത് ദിവസം പിന്നിട്ട അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് എല്ലാവിധ പിന്തുണയും അര്‍പ്പിക്കുന്നതായും ഇത്തരം ജനകീയ സമരങ്ങള്‍ സമൂഹത്തിന് മാതൃകപരമാണെന്നും, കൂളിക്കുന്ന് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും മദ്യനിരോധന സമിതി അംഗങ്ങളായ പി.ജെ പൗലോസ്, രാജന്‍ പൊയിനാച്ചി,സിസ്റ്റര്‍ എ.ഇ മേരി, ഏലിയാമ്മ എന്നിവര്‍ ആവശ്യപ്പെട്ടു. സമരസമിതി കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഗോപാലന്‍ നായര്‍ എടച്ചാല്‍ അധ്യക്ഷത വഹിച്ചു. വോയ്‌സ് ഓഫ് കുന്നാറ, ഡി.എ.ഡബ്ല്യു.ഡി.എഫ് ഉദുമ ഏരിയ കമ്മിറ്റി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, വൈസ് പ്രസിഡന്റ് റഊഫ് ഉദുമ, പള്ളിക്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.ബി ഷാ നവാസ് എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

KCN

more recommended stories