ഗള്‍ഫ് വിമാന നിരക്ക് വര്‍ധന: വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ വിമാന നിരക്ക് അന്യായമായി വര്‍ധിപ്പിക്കുന്നത് തടയണമെന്നും നിരക്കിന് പരിധി നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഗള്‍ഫ് റൂട്ടില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ വിമാന കമ്പനികളെ നിര്‍ബന്ധിക്കുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗള്‍ഫ് റൂട്ടിലെ നിരക്ക് വര്‍ധന തടഞ്ഞില്ലെങ്കില്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്കും വര്‍ധിക്കാനിടയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ അവധിക്കാലം നോക്കി നിരക്കില്‍ വന്‍ വര്‍ധനയാണ് ഈയിടെ വിമാന കമ്പനികള്‍ വരുത്തിയത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒരു ഭാഗത്തേക്ക് 6,000 മുതല്‍ 12,000 രൂപയായിരുന്നു കഴിഞ്ഞ മൂന്നുമാസമായുള്ള നിരക്ക്. മടക്ക ടിക്കറ്റടക്കം 16,000-18,000 രൂപ. എന്നാല്‍ സ്‌കൂള്‍ അവധി തുടങ്ങിയപ്പോള്‍ നിരക്ക് ഇരട്ടിയാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യതക്കുറവ് കാരണം ബുദ്ധിമുട്ടുന്ന മലയാളികള്‍ക്ക് വിമാന നിരക്ക് വര്‍ധന താങ്ങാനാവാത്ത ഭാരമാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചു.

KCN

more recommended stories