നടപടിക്രമം പറഞ്ഞാല്‍ ബെഹ്‌റയെയും മാറ്റേണ്ടിവരും; സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: നടപടിക്രമം പരിഗണിച്ചാല്‍ ലോക്‌നാഥ് ബെഹ്‌റയെയും പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. ഡിജിപി ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ജിഷ കേസ്, പുറ്റിങ്ങല്‍ അപകടം എന്നിവയിലുണ്ടായ കൃത്യനിര്‍വഹണ വീഴ്ചയെ തുടര്‍ന്നാണ് സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതെന്ന് വാദമധ്യേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിക്രമം പരിഗണിച്ചാല്‍ ഇപ്പോഴത്തെ പൊലീസ് മേധാവിയേയും മാറ്റേണ്ടിവരുമെന്ന് സുപ്രീം കോടതി പറഞ്ഞത്. കേസില്‍ വാദം ചൊവ്വാഴ്ചയും തുടരും. ടി.പി. സെന്‍കുമാറില്‍ പൊതുജനത്തിന് അതൃപ്തിയുണ്ടോയെന്നു ചോദിച്ച കോടതി, ആ അതൃപ്തി രേഖകളിലുണ്ടോയെന്നും ആരാഞ്ഞു. ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ നടത്തിയ സമരത്ത തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്ന് രാവിലെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. മഹിജ അഞ്ചു ദിവസം നിരാഹാര സമരം നടത്തിയില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു. ജസ്റ്റിസ് മദന്‍.ബി. ലോക്കുറാണ് കേസ് പരിഗണിച്ചത്.

അതേസമയം, പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പേരില്‍ ഡിജിപിയെ മാറ്റിയെങ്കില്‍ അതില്‍ തെറ്റെന്താണെന്ന് സെന്‍കുമാറിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കേണ്ടതല്ലേ? അതിന്റെ ഭാഗമെന്നോണം സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതാകാന്‍ സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍, ദുരന്തത്തില്‍ തന്റെ കക്ഷിക്ക് ഉത്തരവാദിത്തമില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ആര്‍ക്കെങ്കിലും ഉത്തരവാദിത്തം വേണ്ടെയെന്നും കോടതി ചോദിച്ചു. അതേസമയം, സുപ്രീംകോടതിയുടെ പരാമര്‍ശം സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇനിയെങ്കിലും ഡിജിപിയെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് രണ്ടു ദിവസം നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്ന് കോടതി ചോദിച്ചു. പൊലീസ് മേധാവി സ്ഥാനത്തുനിന്നു സെന്‍കുമാറിനെ മാറ്റുന്നതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി തുടങ്ങിയ കാര്യങ്ങളാണു സത്യവാങ്മൂലമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ജിഷ കേസ് ഉള്‍പ്പെടെ ഏതൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണു മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നു വ്യക്തമാക്കുന്ന ഫയലുകളും ലഭ്യമാക്കണം.

KCN

more recommended stories