മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ആവേശത്തിമിര്‍പ്പിന്റെ കൊട്ടിക്കലാശം

മലപ്പുറം: ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. മൂന്നാഴ്ചയോളം നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ആറ് മണിയോടെയാണ് സമാപനമായത്. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ കൊട്ടിക്കലാശമാണ് വിവിധ മുന്നണികളുടേതായി അരങ്ങേറിയത്. മണ്ഡലത്തിലെ തങ്ങളുടെ സമഗ്രാധിപത്യം പൂര്‍വ്വാധികം ശക്തമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഒരു അട്ടമറി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ പ്രചരണമെങ്കില്‍ മലപ്പുറം പോലൊരു മണ്ഡലത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പായപ്പോള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം 1,18,696 ആയി കുറഞ്ഞു. 1,14,975 പുതുവോട്ടര്‍മാരാണ് ഇത്തവണയുള്ളത്.

ഇ. അഹമ്മദ് കളമൊഴിഞ്ഞതോടെ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് ഉറപ്പായിരുന്നെങ്കിലും എന്നാല്‍ അത് ഇത്രവേഗം വരുമെന്ന് ആരും കരുതിയിരുന്നില്ല. കത്തിനിന്ന വേനല്‍ക്കാലത്തുതന്നെ തീയതി പ്രഖ്യാപിച്ചതോടെ രംഗം മാറി. കിട്ടാവുന്ന മികച്ച സ്ഥാനാര്‍ഥി പോരാടാനെത്തിയതോടെ ആദ്യം സക്രിയമായത് യു.ഡി.എഫ് ക്യാമ്പായിരുന്നു. പിന്നീടിങ്ങോട്ടും പ്രചരണ രംഗത്ത് യുഡിഎഫ് തന്നെയായിരുന്നു മുന്നിട്ടുനിന്നത്. എ.കെ ആന്റണി അടക്കമുള്ളവര്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പ്രചരണ രംഗത്തെത്തിയിരുന്നു.
എം. ബി ഫൈസല്‍ എന്ന പുതുമുഖത്തെ അവതരിപ്പിച്ച ഇടതുക്യാമ്പാകട്ടെ തുടക്കത്തില്‍ അര്‍ഥഗര്‍ഭമായ മൗനത്തിലായിരുന്നു. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മൂന്നുകൂട്ടരും ഏകദേശം ഒരേപോലെ ഓടിയെത്തി. സിനിമാതാരവും എംഎല്‍എയുമായി മുകേഷ്, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെയെല്ലാം സാന്നിധ്യം വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു.
മുന്‍വര്‍ഷത്തെ തേരാളിയെത്തന്നെ ഇറക്കിക്കൊണ്ട് പടക്കിറങ്ങുന്ന ബി.ജെ.പിയും ആദ്യറൗണ്ടില്‍ വലിയ ആവേശംകാട്ടി.
സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ ക്യാമ്പുചെയ്താണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടംവഹിച്ചത്.
എന്‍. ശ്രീപ്രകാശിനെത്തന്നെ വീണ്ടും അണിനിരത്തുന്ന അവര്‍ ന്യൂനപക്ഷവിഭാഗക്കാരായ ദേശീയനേതാക്കളെ മലപ്പുറത്തെത്തിക്കാനും ശ്രമിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 64,705 വോട്ട് ഇത്തവണ ഒരുലക്ഷം കടക്കുമെന്ന് ബി.ജെ.പി.യുടെ പ്രതീക്ഷ.
ഏഴുനിയമസഭാമണ്ഡലങ്ങളിലെയും പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് കൊട്ടക്കലാശമുണ്ടാകില്ലെന്ന് പോലീസ് അധികാരികള്‍ കക്ഷിനേതാക്കളുമായി നടത്തിയ കൂടിയാലോചന.യില്‍ തീരുമാനമായിരുന്നു. പരിപാടിമൂലമുണ്ടാകുന്ന കനത്ത തിരക്ക് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

KCN

more recommended stories