കൈയേറ്റം ഒഴിപ്പിക്കല്‍: കരുതലോടെ നീങ്ങാന്‍ റവന്യൂ വകുപ്പ്

മൂന്നാര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ കരുതലോടെ നീങ്ങാന്‍ റവന്യൂ വകുപ്പ് തീരുമാനം. തിങ്കളാഴ്ച ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചേരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മതിയെന്നാണ് പുതിയ നിലപാട്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സബ് കലക്ടറുടെ നേതൃത്വത്തില്‍ ദേവികുളത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

ചൊവ്വാഴ്ച സബ് കലക്ടറുടെയും ബുധനാഴ്ച കലക്ടറുടെയും നേതൃത്വത്തില്‍ ചേരുന്ന യോഗങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം കൈയേറ്റം ഒഴിപ്പിക്കലാണ്. കലക്ടറുടെ നിര്‍ദേശപ്രകാരം എല്ലാ പട്ടയങ്ങളുടെയും നിജസ്ഥിതി പരിശോധിക്കും.

വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഭൂസംരക്ഷണസേനാംഗങ്ങളുടെ എണ്ണം 15ഉം പൊലീസിേന്റത് 20ഉം ആയി ഉയര്‍ത്തണമെന്നുകാണിച്ച് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജില്ല കലക്ടര്‍ ജി.ആര്‍. ഗോകുലിന് കത്ത് നല്‍കിയിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുന്നതു തടയുന്നതിന്റെ ഭാഗമായി ഒഴിപ്പിക്കല്‍ നടപടി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുമെന്നാണ് സൂചന.

ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറടക്കമുള്ളവരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത് വലിയ കോലാഹലങ്ങള്‍ക്ക് കാരണമായിരുന്നു. പൊലീസിനെ അറിയിക്കാതെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറുടെ നടപടി ശരിയല്ലെന്ന് ജില്ല പൊലീസ് മേധവിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും രേഖാമൂലം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

ചെറുകിട കൈയേറ്റം ഒഴിപ്പിക്കാന്‍ തിടുക്കംകാട്ടുന്ന സബ് കലക്ടര്‍ വന്‍കിടക്കാരെ സ്പര്‍ശിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. തിങ്കളാഴ്ച മുതല്‍ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് സബ് കലക്ടര്‍ ഓഫിസില്‍നിന്ന് അറിയിപ്പുണ്ടായെങ്കിലും തല്‍ക്കാലം നടപടി വേണ്ടെന്ന് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായാണ് സൂചന.

ചിന്നക്കനാലില്‍ കുരിശും എസ്.എന്‍.ഡി.പി ഓഫിസും പൊളിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടമകള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങുമെന്നും അതോടെ ഒഴിപ്പിക്കല്‍ എന്നന്നേക്കുമായി അവസാനിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

KCN

more recommended stories