കഞ്ചാവ് കടത്ത്; തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കൊണ്ടു പോകുന്നതിനിടയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. തളങ്കര, കടവത്തെ മിസ്രിയ ഹൗസില്‍ അബ്ദുല്‍ സമദാനി (27)യെ ആണ് ഇന്നു രാവിലെ പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വച്ച് കാസര്‍കോട് സി ഐ സി എ അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഓസ്റ്റിന്‍ തമ്പി, രാജേഷ്, അജിത്ത്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും സിഐക്കൊപ്പം ഉണ്ടായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സി ഐയും സംഘവും പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ എത്തിയത്. ഹീറോ ഹോണ്ട ബൈക്കിലെത്തിയ പ്രതി കഞ്ചാവു മറ്റൊരാള്‍ക്കു കൈമാറുന്നതിനു ഒരുങ്ങുന്നതിനിടയില്‍ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. മദ്യഷോപ്പുകള്‍ അടച്ചിട്ടതിനു ശേഷം പൊറുതിമുട്ടിയ പലരും കഞ്ചാവു സേവയിലേയ്ക്കു മാറിയതായിരുന്നു. ഇത്തരക്കാര്‍ക്കു വിതരണം ചെയ്യാനായി ദിവസവും വന്‍ തോതില്‍ കഞ്ചാവ് കാസര്‍കോട്ടേക്ക് എത്തുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.

കഞ്ചാവു കടത്തുകാരെ കണ്ടെത്താന്‍ ജില്ലയിലുടനീളെ വ്യാപകമായ തെരച്ചിലിനു ഉന്നത കേന്ദ്രങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒറീസ, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിന്ന് ഇടനിലക്കാര്‍ വഴിയാണ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ഇടനിലക്കാരെ കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു വരികയാണ് പൊലീസ് കേന്ദ്രങ്ങള്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വീണ്ടും സജീവമാകുമെന്ന കണക്കു കൂട്ടലുകളെതുടര്‍ന്നാണ് നടപടി.

KCN

more recommended stories