വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധം; ‘മലയാള ഭാഷാപഠന നിയമം’ ബില്‍ പാസ്സാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള മലയാളഭാഷാ പഠന ബില്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇതോടെ ഈവര്‍ഷം ഒന്നാംക്ലാസ് മുതല്‍ മലയാളം നിര്‍ബന്ധമാക്കും. ശീര്‍ഷകത്തില്‍ നിര്‍ബന്ധിത എന്ന വാക്ക് ഒഴിവാക്കി. ‘മലയാള ഭാഷാ പഠന നിയമം’ എന്നാണ് പേര്. എന്നാല്‍, മലയാള ഭാഷ നിര്‍ബന്ധിതമായി പഠിപ്പിക്കുന്നതിനു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണം. ഒന്നാം ക്ലാസ് മുതല്‍ ക്രമാനുഗതമായി മലയാളം പഠിപ്പിക്കും. ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ നിലവില്‍ മൂന്നു ഭാഷകള്‍ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം മലയാളം കൂടി പഠിപ്പിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അവര്‍ക്കുവേണ്ടി സാധാരണ മലയാളം പാഠപുസ്തകത്തിന് പകരം എസ്സിഇആര്‍ടിയുടെ നേതൃത്വത്തില്‍ പ്രത്യേക പാഠപുസ്തകം തയ്യാറാക്കും.

ഓറിയന്റല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ മലയാളം പഠിപ്പിക്കണം. മലയാളം പഠിപ്പിക്കാന്‍ അധ്യാപകരില്ലെങ്കില്‍ പുതിയ തസ്തിക സൃഷ്ടിച്ചു നിയമിക്കും. സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളില്‍ നിലവില്‍ എട്ടാം ക്ലാസ് വരെ ത്രിഭാഷാ പഠനമാണ്. ഇവര്‍ക്ക് നിരാക്ഷേപ പത്രം നല്‍കുമ്പോള്‍ മലയാളം പഠിപ്പിക്കണമെന്നു സര്‍ക്കാര്‍ വ്യവസ്ഥ വെക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഒമ്പതാം ക്ലാസിലേക്ക് മറ്റൊരു മലയാളം പുസ്തകം തയ്യാറാക്കും.

നിയമത്തിന്റെ ശീര്‍ഷകത്തില്‍നിന്ന് ഒഴിവാക്കിയ നിര്‍ബന്ധം എന്ന പദം പീഠികയില്‍നിന്നും ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കേണ്ട കാര്യമില്ലെന്നും പുതിയ തലമുറയെ മലയാളം അറിയുന്നവരാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം പഠിക്കുക മാത്രമല്ല സംസ്‌കാരത്തെ തൊട്ടറിയുന്നതിനുകൂടിയാണു നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories