സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ഇന്നു തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. cbse.nic.in, cbseresults.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. 16,67,573 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്.

ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി.

കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം മേയ് 24നും പ്ലസ് ടു ഫലം മേയ് 28നുമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷമാണു സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രവേശനം നടന്നത്. ഇത്തവണയും പ്ലസ് ടു ഫലം മേയ് 28നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പത്താം ക്ലാസ് ഫലം പതിവിലും വൈകിയതാണ് ആശങ്കകള്‍ക്കിടയാക്കിയത്.

KCN

more recommended stories