കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാവുന്നു

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പങ്കെടുത്തതത് വിവാദമാവുന്നു. സംസ്ഥാന പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്ത മെട്രോ യാത്രയില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് അവസരം ലഭിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് ലഭിച്ചത്. ഉദ്ഘാടന ചടങ്ങില്‍ സുരക്ഷ പ്രശ്നം ഉന്നയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇ.ശ്രീധരനു പോലും വേദിയില്‍ ഇടം നിഷേധിച്ചിരുന്നു. ഇതെല്ലാം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള കുമ്മനത്തിന്റെ യാത്ര ചര്‍ച്ചയായത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഏറെ ചര്‍ച്ച ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി എം.പി, മുന്‍ എം.പി പി.സി.തോമസ്, എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷരായ പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭന്‍, വി.മുരളീധരന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓര്‍ഗനൈസര്‍ പി.ശിവശങ്കര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ്.മനോജ്, ജില്ല പ്രസിഡന്റ് കെ.മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, സെക്രട്ടറി എ.കെ.നാസര്‍ എന്നിവര്‍ എത്തിയതും ശ്രദ്ധേയമാണ്.

KCN

more recommended stories