പകര്‍ച്ചവ്യാധി ഭീഷണി; കെ.എസ്.ടി.പി.ക്യാമ്പിന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം നില നില്‍ക്കുന്നതിനാല്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പാക്കം ചെര്‍ക്കാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ടി.പി.കരാറുകാരായ ആര്‍.ഡി.എസ്.കണ്‍സ്ട്രക്ഷന്റെ ക്യാമ്പില്‍ ആരോഗ്യവകുപ്പധികൃതര്‍ ശുചിത്വ പരിശോധന നടത്തി മുന്നറിയിപ്പ് നോട്ടീസ് നല്‍കി. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി വിലയിരുത്തുകയും ഈഡിസ് കൊതുകുകളുടെ നിരവധി ഉറവിടങ്ങള്‍ ക്യാമ്പില്‍ കണ്ടെത്തുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ താമസിക്കുന്ന ക്യാമ്പിലെ ഒരു ബംഗാള്‍ സ്വദേശിക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കുന്നതിനാല്‍ ഇയാള്‍ പെരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പള്ളിക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സലാഹ് അബ്ദുള്‍ റഹിമാന്‍, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എം.ശശീന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.വി.ഇന്ദിര, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍മാരായ എ.ശ്രീകുമാര്‍, കെ.സുവാസിനി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി ക്യാമ്പിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്തു.

KCN

more recommended stories