ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍ അറസ്റ്റില്‍. ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന അദ്ദേഹത്തെ തമിഴ്‌നാട്-ബംഗാള്‍ പൊലീസ് സംയുക്തമായാണു പിടികൂടിയത്. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചിരുന്നു. നേരത്തെ, ജസ്റ്റിസ് കര്‍ണന്റെ പുനഃപരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയുമതിനു മുതിര്‍ന്നാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു കര്‍ശന മുന്നറിയിപ്പും നല്‍കി.

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെ ഒളിവില്‍പോയ ജസ്റ്റിസ് കര്‍ണന്‍, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നു വിരമിക്കുകയും ചെയ്തു.

KCN

more recommended stories