ശാശ്വത സമാധാനത്തിന് എല്ലാവരും പിന്തുണയ്ക്കണം:  മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസര്‍കോട്: നാട്ടില്‍ സമാധാനം നിലനില്‍ക്കണമെങ്കില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പിന്തുണ അനിവാര്യമാണെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സമാധാന കമ്മിറ്റി യോഗങ്ങളില്‍ പറയുന്ന അഭിപ്രായങ്ങള്‍പോലെ എല്ലാവരുടെയും മനസില്‍ നന്മയുണ്ടെങ്കില്‍ നമ്മുടെ ജില്ലയില്‍ സമാധാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ജില്ലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സമാധാന അന്തരീക്ഷമുണ്ടാക്കുവാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാ ഭരണകൂടവും പോലീസും മാത്രം വിചാരിച്ചാല്‍ പോരാ. എല്ലാവിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും പിന്തുണ ഉണ്ടാകണം. ജില്ലയില്‍ അടുത്തിടെയുണ്ടായ ചില അനിഷ്ട സംഭവങ്ങളില്‍ കുറ്റവാളികളെ പോലീസ് ഉടനടി കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. മതസഹോദര്യത്തിന്റെ പ്രതീകങ്ങളാകണം നമ്മള്‍ ഓരോരുത്തരും. സമാധാനം നിലനിര്‍ത്തുവാന്‍ ജില്ലാ ഭരണകൂടവും പോലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ടു മാസത്തിലൊരിക്കല്‍ ദേശിയോദ്ഗ്രഥന കമ്മിറ്റി യോഗം ചേരാന്‍ തീരുമാനിച്ചു. അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെട്ട സംഘടനകളേയും യോഗത്തില്‍ വിളിക്കാം. സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികള്‍ അടുത്തയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, എ ഡി എം:കെ.അംബുജാക്ഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കക്ഷിരാഷ്ട്രീയം നോക്കാതെ പോലീസ് ഇടപെടണമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. അടുത്തിടെയുണ്ടായ റിയാസ് മൗലവിയുടെയും വ്യാപാരിയുടെയും കൊലപാകങ്ങളിലെ പ്രതികളെ ഉടന്‍തന്നെ പിടികൂടുവാന്‍ കഴിഞ്ഞത് പോലീസിന്റെ മിടുക്കാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടിനെ മദ്യവിമുക്ത ജില്ലായാക്കുവാന്‍ കഴിഞ്ഞാല്‍ അക്രമസംഭവങ്ങള്‍ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. മറ്റ് ജില്ലകളിലെ മദ്യപര്‍ സ്‌നേഹത്തോടെ പെരുമാറുമ്പോള്‍ കാസര്‍കോട് മദ്യപിക്കുന്നവര്‍ അക്രമവാസന കാണിക്കുകയാണ്. നോമ്പ് നോക്കിയതുകൊണ്ടുമാത്രം ഒരാള്‍ മുസ്ലിം ആകുന്നില്ല. രാജ്യത്തെ സ്‌നേഹിക്കുന്നവനാണ് യഥാര്‍ഥ മുസ്ലിമെന്നും അദ്ദേഹം പറഞ്ഞു. സമാധാന കമ്മിറ്റികള്‍ കൂടുന്നത് ഒഴിവാക്കുന്ന തരത്തില്‍ തികച്ചും സമാധാന അന്തരീക്ഷമാണ് കാസര്‍കോടിന് ആവശ്യമെന്ന് എം.രാജഗോപാലന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.സംഘര്‍ഷപ്രദേശങ്ങളില്‍ കലാസാംസ്‌ക്കാരികപ്രവര്‍ത്തനങ്ങള്‍ നടത്തി മത നിരപേക്ഷ മനസ്സ് കാത്ത്‌സൂക്ഷിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം നിലനില്‍ക്കേണ്ടത് ജില്ലയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. പൊതുപരീക്ഷകള്‍ പോലും പരിഗണിക്കാതെയുള്ള അപ്രഖ്യാപിത ഹര്‍ത്താലുകള്‍ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ പോലും ബാധിക്കുന്നതായി കളക്ടര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ ആര്‍ക്കും എന്തും പ്രചരിപ്പിക്കാവുന്ന അവസ്ഥയാണ്. തെറ്റായ പല വാര്‍ത്തകളും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ സമാധാനത്തിനുവരെ വിഘാതമാകുന്ന തരത്തില്‍വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ അക്രമങ്ങള്‍ക്ക് മദ്യം പ്രധാന വില്ലനാണെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ചൂണ്ടിക്കാട്ടി. അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചു. പോലീസ് പട്രോള്‍ പന്ത്രണ്ടായി കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പത്തോ ഇരുപതോ പേരുണ്ടാക്കുന്ന അക്രമങ്ങള്‍ ബാധിക്കുന്നത് ലക്ഷക്കണക്കിന് നിരപരാധികളായ ജനങ്ങളെയാണ്. സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നവര്‍ ആരുതന്നെയായാലും മുഖം നോക്കാതെ നടപടിയെടുക്കും. പോലീസിനെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ തനിക്ക് നേരിട്ട് പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിലൊരിക്കല്‍ എല്ലാ പോലീസ് സ്റ്റേഷനിലും സമാധാന കമ്മിറ്റികള്‍ ചേരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ാേ

KCN