ജി.എസ്.ടി ; 90 ശതമാനത്തോളം ഇതിനകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു

തിരുവനന്തപുരം: രാജ്യത്താകമാനം ഒരു നികുതിഘടന കൊണ്ടുവരുന്ന ജി.എസ്.ടി വലിയ മാറ്റത്തിനാണ് വഴിയൊരുക്കുക. 5, 12, 18, 28 ശതമാനം എന്നിങ്ങനെ സ്ലാബുകളാണ് ജി.എസ്.ടിയില്‍ വരുക. വാറ്റ് പരിധിയിലുണ്ടായിരുന്ന സംസ്ഥാനത്തെ വ്യാപാരികളില്‍ 90 ശതമാനത്തോളം ഇതിനകം ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഒരേ നികുതി അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരേസയം ചുമത്തുന്ന രണ്ടുതരത്തിലുള്ള ജി.എസ്.ടിയാണ് നടപ്പാവുക. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാന അടിസ്ഥാനത്തിലുള്ള കൈമാറ്റത്തിന് കേന്ദ്രം ചുമത്തുന്ന നികുതിയെ കേന്ദ്ര ജി.എസ്.ടി എന്ന് പറയും. സംസ്ഥാനം ചുമത്തുന്നതിനെ സംസ്ഥാന ജി.എസ്.ടിയും. അന്തര്‍ സംസ്ഥാന കൈമാറ്റങ്ങളില്‍ ഐ.ജി.എസ്.ടി (ഇന്റഗ്രേറ്റഡ് ജി.എസ്.ടി) എന്ന പേരിലും നികുതി ചുമത്തും.

ജി.എസ്.ടിയില്‍ ലയിക്കുന്ന നികുതികള്‍
കേന്ദ്ര നികുതികളായ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, അധിക എക്‌സൈസ് ഡ്യൂട്ടി, അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, കേന്ദ്ര സര്‍ചാര്‍ജുകളും സെസുകളും സംസ്ഥാന നികുതികളായ മൂല്യവര്‍ധിത നികുതി (വാറ്റ്), കേന്ദ്ര വില്‍പന നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, വാങ്ങല്‍ നികുതി, ലോട്ടറി, ചൂതാട്ടം, വാതുവെപ്പ് എന്നിവയില്‍ ചുമത്തുന്ന നികുതി, സംസ്ഥാനം ഏര്‍പ്പെടുത്തുന്ന സര്‍ചാര്‍ജുകളും സെസും എന്നിവ.

ജി.എസ്.ടിയില്‍ ലയിക്കാത്ത നികുതികള്‍
എക്‌സൈസ് നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, തൊഴില്‍ നികുതി, വാഹനനികുതി, ഏതാനും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പന നികുതി, കേന്ദ്ര നികുതികളായ കസ്റ്റം തീരുവ, ഗവേഷണ, വികസന സെസ് എന്നിവ.

ബ്രാന്‍ഡഡ് അരിക്ക് വിലയേറും
നിലവില്‍ അരിക്ക് നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടിയില്‍ അരിയെ നികതിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബ്രാന്‍ഡഡ് അരിക്ക് ജി.എസ്.ടിയില്‍ അഞ്ച് ശതമാനം നികുതി നല്‍കണം. കേരളത്തില്‍ ബ്രാന്‍ഡഡ് അരി വ്യാപകമായി വില്‍ക്കുന്നുണ്ട്. മിക്കവരും ഇതാണ് വാങ്ങി ഉപയോഗിക്കുന്നത്. ബ്രാന്‍ഡഡ് അരിക്ക് നികുതി വരുമ്പോള്‍ കിലോക്ക് രണ്ടര രൂപവരെയെങ്കിലും വില വര്‍ധിക്കും.

ലോക്കല്‍ ട്രെയിനിലും ബസ് യാത്രക്കും ജി.എസ്.ടിയില്ല
ലോക്കല്‍ ട്രെയിനിലും ബസ് യാത്രക്കും ജി.എസ്.ടിയില്ല. എന്നാല്‍, ട്രെയിനില്‍ എ.സി ക്ലാസിലെയും ഫസ്റ്റ് ക്ലാസിലെയും തീവണ്ടി യാത്രക്ക് നേരിയ വര്‍ധന വരും. 4.5 ശതമാനമായിരുന്ന നികുതി അഞ്ച് ശതമാനമാകും. എ.സിയില്ലാത്ത കോച്ചുകളിലും ലോക്കല്‍ ട്രെയിനുകളിലും മെട്രോയിലും നിരക്കില്‍ മാറ്റംവരില്ല. ഇക്കോണമി ക്ലാസിലെ വിമാന യാത്രക്ക് നിരക്ക് കുറയും. ആറ് ശതമാനമായിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എന്നാല്‍, ബിസിനസ് ക്ലാസിലെ നികുതി ഒമ്പതില്‍നിന്ന് 12 ശതമാനമായി ഉയരും.

ഓണ്‍ലൈന്‍ ഷോപ്പിങ് നികുതി സംസ്ഥാന ഖജനാവിലേക്ക്
ഇതുവരെ അഞ്ചുപൈസ നികുതി കിട്ടാത്ത ഓണ്‍ലൈന്‍ കച്ചവടങ്ങളില്‍ സര്‍ക്കാറിന് ജി.എസ്.ടി വഴി നികുതി കിട്ടാന്‍ പോകുന്നു. ഓണ്‍ലൈന്‍ വഴി കച്ചവടത്തിന് നികുതിക്കായി സംസ്ഥാനം ഏറെ പരിശ്രമിച്ചിരുന്നു. ജി.എസ്.ടി വന്നതോടെ സാധനം എവിടേക്കാണോ എത്തുന്നത് ആ സംസ്ഥാനത്തിന് നികുതി കിട്ടും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 300 കോടിയെങ്കിലും ആ ഇനത്തില്‍ ലഭിക്കും. ഇതര സംസ്ഥാനങ്ങളിലെ കടകളില്‍നിന്ന് മലയാളികള്‍ നാട്ടിലെ വിലാസത്തില്‍ സാധനം വാങ്ങിയാലും നികുതി കേരളത്തിന് ലഭിക്കും.

സ്വര്‍ണത്തിന് നികുതി
സ്വര്‍ണവില കൂടും. നിലവില്‍ അഞ്ച് ശതമാനം നികുതിയുണ്ടെങ്കിലും ഭൂരിഭാഗം വ്യാപാരികളും കോമ്പൗണ്ട് ചെയ്തതിനാല്‍ 1.5 ശതമാനം വരെ നികുതി മാത്രമാണ് ഈടാക്കുന്നത്. എന്നാല്‍, ജി.എസ്.ടി വരുന്നതോടെ സ്വര്‍ണ നികുതി മൂന്ന് ശതമാനമാകും. 1.85 ശതമാനം കൂടി അധികം നല്‍കേണ്ടിവരും. പവന് 400600 രൂപയോളം വര്‍ധിക്കുന്നതിന് ഇത് വഴിയൊരുക്കും. പണിക്കൂലിക്ക് ജി.എസ്.ടി വരില്ല. പഴയ സ്വര്‍ണത്തിന്റെ വില്‍പനക്കും മൂന്ന് ശതമാനം നികുതി വരും.

വളത്തിന് വില കൂടും; മരുന്ന് വില കുറയും
ജി.എസ്.ടി കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. വളങ്ങള്‍ക്ക് വന്‍ വിലവര്‍ധന വരും. നിലവില്‍ വളത്തിന് കേരളത്തില്‍ നികുതിയില്ല. എന്നാല്‍, 12 ശതമാനം ജി.എസ്.ടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ബിസ്‌കറ്റുകളുടെ നികുതി 18 ശതമാനമായി വര്‍ധിച്ചു. മരുന്നുകളുടെ വില അഞ്ച് ശതമാനമായി കുറയും. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നികുതി ഏഴില്‍നിന്ന് 12 ശതമാനമാകും.

ലോട്ടറി കേരളത്തിന് ഗുണകരം
ഇതരസംസ്ഥാന ലോട്ടറികളുടെ ചൂഷണം തിരിച്ചുവരാതിരിക്കാന്‍ കേരളം നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. സംസ്ഥാനങ്ങള്‍ നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും ഇടനിലക്കാര്‍ വഴി നടത്തുന്നതിന് 28 ശതമാനവുമാണ് ജി.എസ്.ടി. കേരളമാണ് ലോട്ടറി നികുതിക്കായി സമ്മര്‍ദം ചെലുത്തിയത്. നികുതി വേണ്ട എന്നതായിരുന്നു കേന്ദ്ര നിലപാട്. എങ്കില്‍ ഇതരസംസ്ഥാന ലോട്ടറി സംസ്ഥാനത്ത് തേര്‍വാഴ്ച നടത്തിയേനെ. 1620 കോടിയുടെയെങ്കിലും അധിക വരുമാനം ലോട്ടറിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു.

KCN

more recommended stories