കേരളത്തില്‍ പനി പടരുമ്പോള്‍ ആരോഗ്യമന്ത്രിക്ക് കുലുക്കമില്ലന്നു: ബെന്നിബെഹന്നാന്‍

കണ്ണൂര്‍: കേരളത്തില്‍ പനി പടരുമ്പോള്‍ ആരോഗ്യമന്ത്രിക്ക് കുലുക്കമില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവും മുന്‍ എം എല്‍എയുമായ ബെന്നിബെഹന്നാന്‍. ആരോഗ്യ മന്ത്രി യാതൊരു കൂസലുമില്ലാതെ നാലുനേരം സാരി മാറ്റി ചാനലുകള്‍ക്ക് മുന്നിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മാറി മാറി വരുമ്പോഴും താല്‍ക്കാലിക ജീവനക്കാരെ മാറ്റുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങിനെ വരുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഴ്സുമാര്‍ നടത്തുന്ന സമരത്തോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ മുതല്‍ സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റത്തിന്റെ നടുക്കത്തിലാണ്. ജിഎസ്ടിക്ക് യു പി എ സര്‍ക്കാറാണ് രൂപം നല്‍കിയത്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വന്നതോടെ പകുതിവെന്ത ഭക്ഷണത്തിന്റെ പ്രതീതിയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സഭവത്തില്‍ മുഖ്യമന്ത്രി പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ നേതാക്കള്‍ ഏതുപാര്‍ട്ടിയില്‍പെട്ടവരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്നസെന്റ് നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശം അദ്ദേഹം ‘ഇന്നസെന്റ്’ അല്ല എന്ന് തെളിയിക്കുന്ന തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണിജോസഫ് എം എല്‍ എ, സുമാബാലകൃഷ്ണന്‍, കെ സുരേന്ദ്രന്‍, എ പി അബ്ദുള്ളക്കുട്ടി, വി എ നാരായണന്‍, മാര്‍ട്ടില്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories