നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു; കുറഞ്ഞ ശമ്പളം 20000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ന്ന് വന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തി. തൊഴില്‍-ആരോഗ്യം-നിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതി അംഗങ്ങള്‍. സമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നഴ്‌സുമാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സമിതി പരിശോധിക്കും.സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സിങ് അസോസിയേഷന്‍ മാധ്യമങ്ങളെ അറിയിച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള അടിസ്ഥാന ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ല കേന്ദ്രങ്ങളിലും മൂന്നാഴ്ചയിലേറെയായി നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.സുപ്രീംകോടതി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മറ്റു നടപടികളെല്ലാം പൂര്‍ത്തിയായി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ആവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരവുമായി രംഗത്തെത്തിയത്. ഐ.എന്‍.എ ജൂണ്‍ 20ന് പ്രതിഷേധസമരം ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും 27ലെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയതിനാല്‍ സമരം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍, പതിവുപോലെ ആ ചര്‍ച്ചയിലും തീരുമാനമുണ്ടായില്ല.ഇതേതുടര്‍ന്ന് ജൂണ്‍ 28ന് ഐ.എന്‍.എ സെക്രട്ടറി മുഹമ്മദ് ശിഹാബ് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങുകയും 29 മുതല്‍ കണ്ണൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയും ചെയ്തു. ഒപ്പം സെക്രട്ടേറിയറ്റിന് മുന്നില്‍ യു.എന്‍.എ അനിശ്ചിതകാല സമരവും തുടങ്ങി. പ്രതിഷേധം ശക്തമായതോടെ ജൂലൈ അഞ്ചിന് തൊഴില്‍മന്ത്രി ചര്‍ച്ചക്ക് വിളിക്കുകയും കാര്യങ്ങള്‍ ഇരുസംഘടനകളില്‍നിന്നും വിശദമായി കേള്‍ക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലാണ് 11ന് മന്ത്രിതല ചര്‍ച്ചക്ക് തീരുമാനമുണ്ടായത്. എന്നാല്‍, 11ലെ മന്ത്രിതല ചര്‍ച്ചയില്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ അട്ടിമറിച്ച് അതില്‍ താഴെയുള്ള നിരക്കില്‍ ശമ്പള പരിഷ്‌കരണം നടത്തി സര്‍ക്കാറും മാനേജ്മന്റെും നഴ്‌സുമാരെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ സമരത്തിലേക്ക് നീങ്ങിയത്.

KCN

more recommended stories