കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിന്‍ പോളിയെ പ്രതിപട്ടികയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിവിന്‍ പോളിയ്‌ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ദുബായില്‍ വെച്ച് നിവിന്‍ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാല്‍. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളില്‍ നിവിന്‍ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, മറ്റുപ്രതികള്‍കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിന്‍ പോളി പരാതി നല്‍കിയിരുന്നു.
കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നുമെന്നും ആവശ്യപ്പെട്ടാണ് നിവിന്‍ പോളി നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയത്. കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ നിവിന്‍ തെളിവായി പാസ്‌പോര്‍ട്ടും ഹാജരാക്കിയിരുന്നു.