Home National എതിരാളി ആരായാലും 2026ല്‍ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിന്‍

എതിരാളി ആരായാലും 2026ല്‍ ഡിഎംകെ മാത്രമേ വിജയിക്കൂ; വിജയ്ക്ക് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിന്‍

by KCN CHANNEL
0 comment

വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ എതിര്‍ക്കാന്‍ ആര് തീരുമാനിച്ചാലും അവര്‍ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയില്‍ നിന്ന് വന്നാലും അത് ഡല്‍ഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കുമെന്ന് ഉദയനിധി പറഞ്ഞു.

വര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തില്‍ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിക്കുന്നുവെന്ന് ഉദയനിധി കൂട്ടിച്ചേര്‍ത്തു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

ഒക്ടോബര്‍ 27ന് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപിയെയും വിജയ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു കൂട്ടരും കുടുംബമായി തമിഴ്‌നാടിനെ കൊള്ളയടിക്കുന്നവരുമാണ് ടിവികെയുടെ എതിരാളികളെന്നായിരുന്നു പരാമര്‍ശം. എ ടീം – ബി ടീം ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങളെ താഴെയിറക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

You may also like

Leave a Comment