നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ; ദൗത്യം അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ട്ടെമിസ് 2 ദൗത്യം ഏപ്രിലിലേക്ക് മാറ്റിയത്. തകരാര്‍ പരിഹരിച്ച എസ് എല്‍ എസ് റോക്കറ്റ് മാര്‍ച്ച് 20-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡിലേക്ക് മാറ്റിയിരുന്നു.

1972 ഡിസംബര്‍ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ആര്‍ട്ടെമിസ് ടു ദൗത്യം. ഈ ദൗത്യത്തില്‍ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നിന്നും 7600 കിലോമീറ്റര്‍ അടുത്തു വരെ സഞ്ചരിക്കും.

Scroll to Top