എവറസ്റ്റ് കയറാനെത്തുന്ന വിനോദസഞ്ചാരികളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം, നടക്കുന്നത് വന്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ്

കാഠ്മണ്ഡു:എവറസ്റ്റ് കൊടുമുടിയില്‍ വിനോദസഞ്ചാരികളെ ബോധപൂര്‍വ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. വളരെ രഹസ്യമായി സഞ്ചാരികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് വന്‍ തുകയുടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള അവസരം സൃഷ്ടിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. കാഠ്മണ്ഡു പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 20 മില്യണ്‍ ഡോളര്‍ (ഏകദേശം 167 കോടി രൂപ)ന്റെ ഇന്‍ഷുറന്‍സ് തട്ടിപ്പാണ് നടക്കുന്നത്. ആരോപണത്തില്‍ ട്രെക്കിംഗ് കമ്പനി ഉടമകള്‍ അടക്കം 32 പേര്‍ക്കെതിരെ നേപ്പാള്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് തട്ടിപ്പിനായി എവറസ്റ്റ് ഗൈഡുകള്‍ വിനോദസഞ്ചാരികളുടെ ഭക്ഷണത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തി അവരെ അസുഖബാധിതരാക്കുന്നുവെന്നാണ് ആരോപണം. ബേക്കിംഗ് സോഡ കഴിക്കുന്നത് വഴി വിനോദസഞ്ചാരികള്‍ക്ക് കഠിനമായ ദഹനപ്രശ്‌നങ്ങളും വയറുവേദനയും അനുഭവപ്പെടും. ഇത് ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ആള്‍ട്ടിറ്റിയൂഡ് സിക്‌നസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വന്‍തുക ഈടാക്കുന്ന ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Scroll to Top