ജില്ലാ ഭരണകൂടവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘നമസ്‌തേ കളക്ടര്‍’ പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏപ്രില്‍ ഒന്നിനു ബാര ജി എച്ച് എസ് എസിലെ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന 20 വിദ്യാര്‍ഥികളുമായി സംവദിച്ചു.
രണ്ട് അധ്യാപകരും ഒപ്പമുണ്ടായിരുന്നു.
മഴ പെയ്യുമ്പോള്‍ സ്‌കൂളിലെ കളിക്കളത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കളിക്കളം നന്നാക്കി നല്‍കണമെന്ന് കുട്ടികള്‍ കളക്ടറോട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിലേക്ക് സയന്‍സ് ലാബ് മാറ്റണമെന്നും സ്‌കൂള്‍ ബസ് അനുവദിച്ചു തരണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.
സ്‌കൂളിന്റെ കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ ഉണ്ടാകുമെന്നും കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനെ ചുമതലപ്പെടുത്തി കളിക്കളം ശരിയാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ ഫണ്ടില്‍പ്പെടുത്തി സ്‌കൂള്‍ ബസ് നല്‍കാമെന്നും നിര്‍മ്മാണം കഴിയുന്നതോടെ സയന്‍സലാബ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപി ക്കുമെന്നും കുട്ടികള്‍ക്ക് കളക്ടര്‍ ഉറപ്പു നല്‍കി.
കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലഎടുത്ത ശേഷം അര്‍ജുന്‍ പാണ്ഡ്യന്‍ നമസ്‌തേ കേരളം പരിപാടിയുടെ ഭാഗമായി ഇതിനുമുമ്പ് ചെമ്മനാട് ജി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു . എല്ലാ ബുധനാഴ്ചകളിലും രാവിലെ ഒന്‍പതരയ്ക്ക് കളക്ടറുടെ ചേമ്പറില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വേദിയില്‍ തികച്ചും സൗഹൃദപരമായാണ് കളക്ടര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന ഈ ജനകീയ പദ്ധതി, വരും ആഴ്ചകളില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.സര്‍ക്കാര്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുക. കാസര്‍കോട് ജില്ലാ ഭരണകൂടവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഭരണപരമായ കാര്യങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി മാര്‍ച്ച് 18നാണ് ‘നമസ്‌തേ കളക്ടര്‍’ പദ്ധതിക്ക് തുടക്കം കുറിച്ചത്.
Dcipksd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാം.




