‘ലേലത്തില്‍ തന്നെ തീരുമാനങ്ങള്‍ പാളി; ചെന്നൈയുടെ യുവതാരങ്ങള്‍ പോരെന്ന് ബദരീനാഥ്
ഐപിഎല്‍ 2026 ലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലേല തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ്. അണ്‍ക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ്മ എന്നിവര്‍ക്കായി ചെന്നൈ വന്‍ തുക മുടക്കിയതിനെതിരെ ആണ് ബദരീനാഥ് തുറന്നടിച്ചത്.
ലേലത്തില്‍ ആരാധകരെ ഞെട്ടിച്ച് പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മ്മയെയും 14.2 കോടി രൂപ വീതം നല്‍കിയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. എന്നാല്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും പരാജയപ്പെട്ടതോടെയാണ് വിമര്‍ശനം ശക്തമായത്.ഇതിന് പിന്നാലെയാണ് തന്റെ യുട്യൂബ് ചാനലില്‍ താരലേലത്തിലെ സിഎസ്‌കെയുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ബദരീനാഥ് രംഗത്തെത്തിയത്.
ഈ രണ്ട് താരങ്ങളെ ലേലത്തില്‍ ടീമിലെടുക്കാന്‍ സിഎസ്‌കെയ്ക്ക് ആരാണ് ഉപദേശം നല്‍കിയതെന്ന് എനിക്കറിയില്ല. ഇവര്‍ റണ്‍സ് കണ്ടെത്തുകയാണെങ്കില്‍ തന്നെ അതൊരു ഭാഗ്യം മാത്രമായിരിക്കും. ഇവരുടെ ബാറ്റിംഗ് ശൈലിയില്‍ എനിക്ക് വിശ്വാസമില്ല. ഇവര്‍ക്ക് നല്‍കിയ തുക വളരെയധികം കൂടിപ്പോയെന്നും ബദരീനാഥ് പറഞ്ഞു. അര്‍ഷ്ദീപ് സിംഗിനെയും ബാര്‍ട്ട്‌ലെറ്റിനെയും പോലുള്ള ബൗളര്‍മാരുടെ വേഗത നേരിടാനാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് വീര്‍ ബാറ്റ് ഉയര്‍ത്തുന്നതിന് മുന്‍പേ പന്ത് കടന്നുപോകുകയാണ്. ഇത്തരമൊരു നിലവാരമുള്ള ബൗളിംഗ് അവര്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടാകില്ല. 14 കോടിയിലധികം രൂപ നല്‍കി ഇവരെയെടുത്തത് സിഎസ്‌കെ കാണിച്ച വലിയ അബദ്ധമാണ്. ഇതൊരു വലിയ ചൂതാട്ടമായിരുന്നു, അത് ഇപ്പോള്‍ പാളിയിരിക്കുകയാണെന്നും ബദരീനാഥ് കൂട്ടിചേര്‍ത്തു.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ടീം വരുത്തിയ മാറ്റങ്ങളെയും ബദരീനാഥ് ചോദ്യം ചെയ്തു. ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ 43 റണ്‍സുമായി തിളങ്ങിയ ജാമി ഓവര്‍ട്ടണെ പുറത്തിരുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ബൗളിംഗ് നല്‍കാത്ത ഓള്‍റൗണ്ടര്‍: ഓവര്‍ട്ടണ് പകരം ടീമിലെത്തിയ പ്രശാന്ത് വീറിനെക്കൊണ്ട് ഒരു ഓവര്‍ പോലും ബൗള്‍ ചെയ്യിക്കാത്തതിനെയും ബദരീനാഥ് പരിഹസിച്ചു.




