കുതിച്ചുപാഞ്ഞ് ബേഡകം, ആവേശമായി മിനി മരത്തോണ്‍

കുതിച്ചുപാഞ്ഞ് ബേഡകം, ആവേശമായി മിനി മരത്തോണ്‍

ബേഡകം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരില്‍ ആവേശമുണര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ മിനി മാരത്തോണ്‍. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വോട്ടായനം 2026’ ജില്ലാതല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബേഡകത്ത് മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്. ബേഡകം ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.വി. ശ്രുതി മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. യുവജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍, നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. ഓരോ വോട്ടിന്റെയും പ്രാധാന്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് എ.ഡി.എം അഭിപ്രായപ്പെട്ടു. ഒരു പൗരന്‍ എന്ന നിലയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് നമ്മുടെ കടമയാണെന്നും എല്ലാവരും പോളിംഗ് ബൂത്തിലെത്തണമെന്നും അവര്‍ പറഞ്ഞു.

ബേഡകം മുതല്‍ കുണ്ടംകുഴി വരെ നടന്ന മാരത്തോണില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി നൂറുകണക്കിന് പേര്‍ പങ്കെടുത്തു. അഞ്ച് കിലോമീറ്ററോളം ദൂരം വെറും അരമണിക്കൂര്‍ കൊണ്ട് ഓടിത്തീര്‍ത്താണ് വിജയികള്‍ ഫിനിഷിംഗ് പോയിന്റിലെത്തിയത്. പുരുഷ വിഭാഗത്തില്‍ ചന്നകേശവ ദേലംപാടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മഹേഷ് ദേലംപാടി രണ്ടാമതായും പ്രജീഷ് കാറഡുക്ക മൂന്നാമതായും ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തില്‍ ജയശ്രീ ദേലംപാടി ഒന്നാം സ്ഥാനവും ധന്യ ദേലംപാടി രണ്ടാം സ്ഥാനവും നേടി. സഞ്ജന കരിന്തളത്തിനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസ് സമ്മാനിച്ചു.

കുണ്ടംകുഴി ടൗണില്‍ നടന്ന സമാപന ചടങ്ങില്‍ അഡീഷണല്‍ എസ്.പി. ദേവദാസ് സി.എം. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സ്വീപ് നോഡല്‍ ഓഫീസറും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുമായ രതീഷ് പിലിക്കോട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ സ്വാഗതവും സി.കെ. വിജയന്‍ നന്ദിയും പറഞ്ഞു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗുലാബി, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. മനു, കൊറഗ സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ യദുരാജ്,പി രാജു, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ എം. ജിഷ, പി. ഗീതു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Scroll to Top