ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ദുബായ് ഭരണകൂടം
ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനങ്ങള്‍ക്കായി പുതിയ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബായ് ജിഡിആര്‍എഫ്എ. വര്‍ദ്ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പൗരന്മാരും താമസക്കാരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജിഡിആര്‍എഫ്എ അധികൃതര്‍ വ്യക്തമാക്കി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്ത് വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് സര്‍ക്കാര്‍ സ്ഥാപനമായ ദുബായ് ജിഡിആര്‍എഫ്എ. സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ കൃത്യമായ ഇടവേളകളില്‍ പുതുക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഔദ്യോഗിക മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പുറമെ വാട്സാപ്പിലും ഇ മെയിലിലും ഉള്‍പ്പെടെ ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. ജാഗ്രതയാണ് ആദ്യത്തെ പ്രതിരോധം. നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷ ആരംഭിക്കുന്നത് ഈ അവബോധത്തില്‍ നിന്നാണ്. ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങളിലുള്ള വിശ്വാസം ഈ സുരക്ഷയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.
തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ പൗരന്മാരും താമസക്കാരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പുതിയ സേവനത്തിനും ജിഡിആര്‍എഫ്എ തുടക്കം കുറിച്ചിട്ടുണ്ട്. അമര്‍ കോണ്‍ടാക്ട് സെന്റര്‍ മുഖേനെ സംശയാസ്പദമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
വര്‍ദ്ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാന്‍ ഇത്തരം നടപടികളിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ട്, മികച്ചതും സുരക്ഷിതവുമായ ഒരു ഡിജിറ്റല്‍ അന്തരീക്ഷം ഒരുക്കുന്നതിനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലാണ് ദുബായ് ജിഡിആര്‍എഫ്എ എന്നും അധികൃതര്‍ അറിയിച്ചു.




