ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍; കുവൈറ്റില്‍ ആറ് പേര്‍ക്ക് പരിക്ക്
അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളായ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈറ്റില്‍ ആറ് പേര്‍ക്കും യുഎഇയില്‍ ഒരാള്‍ക്കും ഇറാന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഫുജൈറയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിക്ക് നേരെയും ആക്രമണം ഉണ്ടായി. 14 മിസൈലുകളും 19 ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ കഴിഞ്ഞ മാസം 28ന് ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ് ഇറാന്‍. കുവൈറ്റിന് നേരെ ഇന്നും പലതവണ ഇറാന്റെ ആക്രമണമുണ്ടായി. നോര്‍ത്ത് കുവൈറ്റിലെ ജനവാസ മേഖലയില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബിബിയ ഐലന്റ് ലക്ഷ്യമാക്കിയും ഇറാന്‍ ആക്രമണം നടത്തി.
രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകളും മിസൈലുകളും തകര്‍ത്തയായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഘാന സ്വദേശിയായ ഒരു പ്രവാസിക്ക് പരിക്കേറ്റു. പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചായിരുന്നു അപകടം. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയിലാണ് മിസൈലിന്റെ ഭാഗങ്ങള്‍ വീണത്. ഫുജൈറയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഡു ഓഫീസിന് നേരെയും ആക്രമണ ശ്രമമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 12 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 19 ഡ്രോണുകളുമാണ് ഇന്ന് യുഎഇ പ്രതിരോധ സേന തകര്‍ത്തത്.
ഇറാന്‍ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 2,210 ഡ്രോണുകളും 510 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും യുഎഇ നേരിട്ടു. ഇറാന്റെ ആക്രമണത്തില്‍ ഇതുവരെ 221 ആളുകള്‍ക്കാണ് പരിക്കേറ്റത്. സൗദി, ബഹ്റൈന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലും ഇന്ന് ഇറാന്റെ ആക്രമണം നടത്തി. കഴിഞ്ഞ മുപ്പത്തിയെട്ട് ദിവസമായി തുടരുന്ന ഇറാന്റെ ആക്രമണങ്ങളെ അതിശക്തമായാണ് ജിസിസി രാജ്യങ്ങള്‍ പ്രതിരോധിക്കുന്നത്.




