ദേശീയപാത 66:പെരിയ- ചാലിങ്കാല്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍.ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്ന് സൂചന.

കാഞ്ഞങ്ങാട്. ദേശീയപാത 66ല്‍ പെരിയ-ചാലിങ്കാലില്‍ നിര്‍മ്മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ഈ വര്‍ഷം പകുതിയോടെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍ പിരിവ് ആരംഭിക്കാനാണ് ശ്രമങ്ങള്‍ നടന്നുവരുന്നത്.

കുമ്പള ആരിക്കാടിയില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ ട്രോള്‍ ഗേറ്റ് ജനകീയ പ്രതിരോധം മൂലം നടക്കാതെ പോയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ആരിക്കാടി ടോള്‍ഗേറ്റ് റദ്ദാക്കുകയും ചെയ്തു. തലപ്പാടി കഴിഞ്ഞാല്‍ 22 കിലോമീറ്റര്‍ മറ്റൊരു ട്രോള്‍ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആക്ഷന്‍ കമ്മിറ്റിയുടെ ശക്തമായ സമര പോരാട്ടങ്ങള്‍ക്കൊ ടുവിലാണ് ടോള്‍ഗേറ്റ് കേന്ദ്ര ദേശീയപാത അതോറിറ്റി പിന്‍വലിച്ചത്.കുറഞ്ഞ സമയം പ്രവര്‍ത്തിച്ച ആരിക്കാടി ടോള്‍ഗേറ്റില്‍ നിന്ന് ദേശീയപാത അതോറിറ്റി കോടിക്കണക്കിന് രൂപയാണ് സ്വരൂപിച്ചത്. സ്വരൂപിച്ചെടുത്ത കണക്ക് കണ്ട് നാട്ടുകാര്‍ തന്നെ ഞെട്ടിപ്പോയിരുന്നു.

ആരിക്കാടി ടോള്‍ഗേറ്റ് അടച്ചുപൂട്ടിയതോടെയാണ് ജില്ലയിലെ ദേശീയപാത 66ലെ പെരിയ-മാവുങ്കാല്‍ റൂട്ടില്‍ ചാലിങ്കാലില്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം വേഗത കൂട്ടി ആരംഭിച്ചത്.ഇതിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പ്രസ്തുത റൂട്ടില്‍ വിവിധ ഭാഗങ്ങളില്‍ അടിപ്പാത സമരം മൂലം ദേശീയപാത നിര്‍മ്മാണവും അനിശ്ചിതത്വത്തിലാണ്.പലയിടത്തും അടിപ്പാതകള്‍ക്കായി നാട്ടുകാര്‍ സമരമുഖത്താണ്. പ്രശ്‌നപരിഹാരങ്ങള്‍ക്ക് നടപടിയില്ലാത്തതാണ് നിര്‍മ്മാണം വൈകുന്നതിന് കാരണവും.

ഫോട്ടോ:ദേശീയപാത 66ല്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പെരിയ-ചാലിങ്കാല്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം.

Scroll to Top