കാസര്‍കോട് ഫിലിം സൊസൈറ്റി ബിയോണ്ട് 50 ആഘോഷ പരിപാടികളുടെ ഭാഗമായി , അരവിന്ദന്റെ ഉത്തരായണം വീണ്ടും പ്രദര്‍ശിപ്പിക്കുന്നു.
1975 ഏപ്രില്‍ 11 ന് ആയിരുന്നു ഉത്തരായണത്തിന്റെ തിയേറ്റര്‍ റിലീസ്. അമ്പതുവര്‍ഷങ്ങള്‍ക്കു ശേഷവും ആ സിനിമയുടെ വരവും നില്പും പിന്നിട്ട കാലവും പ്രസക്തമാവുന്ന ഒരു കാലത്താണ് വീണ്ടും നാം ആ സിനിമ കാണുവാന്‍ പോകുന്നത്.
കാര്‍ട്ടൂണില്‍ പൊളിറ്റിക്‌സ് വരയ്ക്കാത്ത അരവിന്ദന്റെ നൂറുശതമാനം പൊളിറ്റിക്കലായ സിനിമയാണ് ഉത്തരായണം – കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടേതാണീ വരികള്‍ . ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഇ.പി. ഉണ്ണിയാണ് ഈ ആഘോഷവേളയില്‍ നമ്മോടൊപ്പമുള്ളത്. വരയുടെ കൃത്യതയും വാക്കിന്റെ മൂര്‍ച്ചയും നമ്മെ അനുഭവിപ്പിച്ച , ഉണ്ണിയെക്കാള്‍ നന്നായി അരവിന്ദന്റെ വരയും ചിന്തയും വായിക്കുകയും അറിയുകയും ചെയ്ത ഒരാള്‍ ഉണ്ടാവാനിടയില്ല.
ഉത്തരായണത്തിന്റെ വര്‍ത്തമാനം എന്ന വിഷയ ത്തില്‍ പാനല്‍ ചര്‍ച്ചയില്‍ മാങ്ങാട് രത്നാകരനുമായി അദ്ദേഹം സംസാരിക്കും . തുടര്‍ന്ന് ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ
ഇ.പി . രാജഗോപാലന്‍ , ഉത്തരായണത്തിന്റെ സവിശേഷ പ്രദര്‍ശനത്തിനു മുമ്പായി സിനിമ പരിചയപ്പെടുത്തും. ഇ. പത്മാവതി, ഇ.പി.രാജഗോപാലന് അനുമോദനങ്ങള്‍ അര്‍പ്പിക്കും.
ഇ.പി. ഉണ്ണി , ഫിലിം സൊസൈറ്റിയുടെ
ഓര്‍മ്മസമ്മാനം നല്‍കും . നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ , സാങ്കേതികമായി പുതുക്കി സംരക്ഷിച്ചിട്ടുള്ള ഉത്തരായണം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കും . പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് , യുവ ഹിന്ദുസ്ഥാനി ഗായകനായ
സിദ്ധാര്‍ത്ഥ് പുല്ലേരി , അരവിന്ദന് ഏറെ പ്രിയങ്കരമായിരുന്ന രബീന്ദ്രസംഗീതം അവതരിപ്പിക്കും .
- ജി.ബി . വത്സന്‍
പ്രസിഡന്റ് , കാസര്‍കോട് ഫിലിം സൊസൈറ്റി .
.




