മുതുകാടിന്റെ എം ക്യൂബ് ബോധവ്തകരണ പരിപാടി മെയ് 1ന്

കാസര്‍ഗോഡ്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ ബോധവത്കരണവുമായി മുതുകാടും സംഘവും എം ക്യൂബ് പരിപാടിയുമായെത്തുന്നു. മെയ് 1ന് കാസര്‍ഗോഡ് റോയല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6നാണ് പരിപാടി. ഇന്ദ്രജാലവും സംഗീതവും ഇഴകലര്‍ന്ന ഈ പരിപാടി ഐ.ഐ.പി.ഡി സംരംഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍, കാസര്‍ഗോഡ് പ്രസ് ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറുന്ന പരിപാടിയില്‍ പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍, ഐ.എം വിജയന്‍ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മുതുകാടിനോടൊപ്പം പിന്നണിഗായകരായ ആര്‍.രവിശങ്കര്‍, ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക്, വിവിധരാജ്യങ്ങളില്‍ സംഗീത ഇന്ദ്രജാല പരിപാടികള്‍ അവതരിപ്പിച്ച് പ്രശംസ നേടിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിശീലന വിദ്യാര്‍ത്ഥികളായ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ക്രിസ്റ്റീന്‍ റോസ് ടോജോ, സെറിബ്രല്‍ പാഴ്സി വിഭാഗത്തില്‍പ്പെട്ട വിഷ്ണു.ആര്‍ എന്നിവരും വിസ്മയ പ്രകടനങ്ങള്‍ അവതരിപ്പിക്കും.
മാജിക്കും മ്യൂസിക്കും മോട്ടിവേഷനും ഇടകലര്‍ന്ന പുതിയ ദൃശ്യാനുഭവമാകും എം ക്യൂബെന്ന് ഗോപിനാഥ് മുതുകാട് ഇതിനോടനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിനായി കാസര്‍ഗോഡ് ഒരുക്കുന്ന ഐ.ഐ.പി.ഡി പദ്ധതിയുടെ നിര്‍മാണത്തിന് 120കോടിയില്‍പ്പരം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. ഈ സംരംഭത്തിന്റെ ധനശേഖരണാര്‍ത്ഥം വിവിധ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചുവരികയാണെന്നും കാസര്‍ഗോഡ് നടത്തുന്ന എംക്യൂബ് പരിപാടി ഐ.ഐ.പി.ഡിയെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുവാനാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ര സമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍, സെക്രട്ടറി പ്രദീപ് നാരായണന്‍, ചിത്ര ലൈറ്റ് ആന്റ് സൗണ്ട്സ് എം.ഡി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാഞ്ഞങ്ങാട് മടിക്കൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും.

Scroll to Top