നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം, ഇന്ത്യ പുതിയ ഇതിഹാസം രചിക്കും, വനിതാ സംവരണ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി
വനിതാ സംവരണ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് വിശേഷിപ്പിച്ച ബില്‍, 2029 ഓടെ പൂര്‍ണ്ണമായി നടപ്പിലാക്കാനാകുമെന്ന പ്രതീക്ഷയും മോദി പങ്കുവച്ചു
ദില്ലി: വനിതാ സംവരണ ബില്‍ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രില്‍ 16 ന് ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണം യാഥാര്‍ത്ഥ്യമാകും. 2023 ല്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാര്‍ലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയില്‍ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
2029 ല്‍ സമ്പൂര്‍ണമാകണം
2029 ഓടെ വനിതാ സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നതാണ് പൊതുവായ ആവശ്യമെന്നും ഇതിനായി സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കാനുള്ള ശ്രമമാണിതെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതില്‍ സ്ത്രീശക്തി നിര്‍ണ്ണായകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്ത്രീകളാണ് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകള്‍. സ്ത്രീകള്‍ എല്ലാ മേഖലയിലും ഇന്ന് മികവ് തെളിയിച്ചിട്ടുണ്ട്. രാഷ്ട്രപതി മുതല്‍ ധനമന്ത്രി സ്ഥാനത്ത് വരെ വനിതകള്‍ ഉണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമാണ് പഞ്ചായത്ത് രാജെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജല ജീവന്‍ മിഷന്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണ്. പ്രതിപക്ഷവും വനിതാ ശാക്തീകരണത്തിന് വേണ്ടി ശ്രമങ്ങള്‍ നടത്തിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള സ്ത്രീകളുടെ യാത്ര ഈ ബില്ലിലൂടെ എളുപ്പമാകും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി വിവരിക്കുകയും ചെയ്തു. 26 ആഴ്ച വരെയാണ് ഇന്ത്യയില്‍ നിലവില്‍ മെറ്റേണിറ്റി ലീവ് നല്‍കുന്നത്. വികസിത രാജ്യങ്ങളില്‍ പോലും ഇത് നല്‍കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ വനിതാ സംവരണ ബില്ലിന്റെ പ്രധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് സംസാരിച്ചത്.
വനിതാ സംവരണ ബില്‍ ഫോര്‍മുല
വനിതാ സംവരണ ബില്‍ നടപ്പാക്കാനായി ലോക്‌സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെന്‍സസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിര്‍ദേശം. ഇതനുസരിച്ച് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകള്‍ കൂട്ടാനാണ് നിര്‍ദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. കേരളത്തില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിര്‍ദേശം




