മൂന്ന് മണ്ഡലങ്ങളിലും കനത്ത തിരിച്ചടി; നിഖില്‍ കുമാരസ്വാമി ബഹുദൂരം പിന്നില്‍
നിഖിലിനെ എന്‍ഡിഎ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു
ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിഖില്‍ കുമാരസ്വാമി ബഹുദൂരം പിന്നിലാണ്. ഇതിന് മുന്‍പ് മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോറ്റിരുന്നു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തില്‍ നിന്നാണ് നിഖില്‍ മത്സരിച്ചത്.
നിഖിലിനെ എന്‍ഡിഎ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പ്രതിഷേധിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സി പി യോഗേശ്വര്‍ ഏതാണ്ട് വിജയം ഉറപ്പിച്ചു. നാല് വട്ടം മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈ വിടുന്ന അവസ്ഥയാണ്. ബസവരാജ് ബൊമ്മയുടെ മകന് ഭരത് ബൊമ്മയ് ഇപ്പോള്‍ പിന്നിലാണ്.
ന്യൂനപക്ഷ വോട്ടര്‍മാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ശിവ്ഗാവില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യാസിര്‍ ഖാന് പഠാന് വ്യക്തമായ മേല്‍ക്കൈയോടെയാണ് മുന്നേറുന്നത്.
സണ്ടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ അന്നപൂര്‍ണയും വിജയം ഉറപ്പിച്ചു കഴിഞ്ഞു. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം വച്ചൊഴിഞ്ഞ ഇ തുക്കാറാമിന്റെ ഭാര്യയാണ് ഇ അന്നപൂര്‍ണ.