ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ പ്രസംഗമാക്കി; പ്രധാനമന്ത്രിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഔദ്യോഗിക പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ പ്രസംഗമാക്കിയെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. മുന്‍ എംപി ടി എന്‍ പ്രതാപന്‍ റിട്ട് ഹര്‍ജി നല്‍കി. പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നാണ് ഹര്‍ജിയില്‍ ടി എന്‍ പ്രതാപന്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ഉണ്ടായി എന്നും ടി എന്‍ പ്രതാപന്‍ ഹര്‍ജിയില്‍ പറയുന്നു.
ഔദ്യോഗിക പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രസംഗമാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ആരോപിച്ചിരുന്നു. മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും എതിരാളികളെ ആക്രമിക്കാന്‍ അദ്ദേഹം ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നും ഖര്‍ഗെ ആരോപിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും മോദി പരിഹസിക്കുകയാണെന്നും ഖര്‍ഗെ കുറ്റപ്പെടുത്തിയിരുന്നു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഒരു പവിത്രതയുണ്ടെന്നും അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പക്ഷം പിടിക്കുന്നതായിരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും പറഞ്ഞിരുന്നു. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാള്‍ പത്രസമ്മേളനമായിരുന്നു കൂടുതല്‍ ഉചിതം. സ്ത്രീകളെ കവചമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ ശ്രമിച്ച മോദിയാണ് മാപ്പുപറയേണ്ടത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ദുര്‍ബലപ്പെടുത്താനാണ് മോദി ശ്രമിച്ചതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.
വനിതാ ബില്‍ പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപിയും കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തിയിരുന്നു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞത്. വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പകപോക്കാനാണ് മോദി ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ ഇന്നലെയോ ഇന്നോ പാര്‍ലമെന്റില്‍ ഇങ്ങനെ ഒരു പ്രസ്താവന നടത്താമായിരുന്നു. അതൊന്നും ചെയ്യാതെ ഒരു പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സവിശേഷമായ അവകാശം വിനിയോഗിച്ച് തീര്‍ത്തും തരംതാണ പ്രസ്താവനയാണ് മോദി നടത്തിയതെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.




