മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കി; തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കി; തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: 2006ലെ മാലേഗാവ് ബോംബ് സ്ഫോടന കേസിലെ നാല് പ്രതികള്‍ക്കെതിരായ കുറ്റപത്രം ബോംബെ ഹൈക്കോടതി റദ്ദാക്കി. അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയിലെ നാല് പേരെയാണ് കുറ്റവിമുക്തരാക്കിയത്. 2006 സെപ്തംബര്‍ ആറിനായിരുന്നു മാലേഗാവ് മസ്ജിദിന് സമീപം 37 പേര്‍ കൊല്ലപ്പെട്ട സ്ഫോടനം. എന്‍ഐഎ പ്രതിചേര്‍ത്ത രാജേന്ദ്ര ചൗധരി, ലോകേഷ് ശര്‍മ്മ, ധന്‍ സിങ് മനോഹര്‍ റാംസിങ് നര്‍വാരിയ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. നാല് പ്രതികള്‍ക്കുമെതിരെ എന്‍ഐഎ നല്‍കിയ കുറ്റപത്രം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. തീവ്ര ഹിന്ദുത്വ നിലപാട് സംഘടനയുടെ ഭാഗമായിരുന്ന പ്രതികളാണ് കുറ്റവിമുക്തരാക്കപ്പെട്ടത്. മറ്റ് ചില സ്ഫോടനക്കേസുകളില്‍ പ്രതിയായ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയനുസരിച്ചാണ് കേസിലെ അന്വേഷണം അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയിലേക്കും നാല് പേരുടെ അറസ്റ്റിലേക്കും എത്തിയത്.

എല്ലാ പ്രതികളും കുറ്റവിമുക്തരായതോടെ കേസിലെ വിചാരണ നടപടികള്‍ക്കും അവസാനമായി. മാലേഗാവിലെ ഹമിദിയ മസ്ജിദിനും ഖബറിസ്ഥാനിനും സമീപം നടന്ന സ്ഫോടനത്തില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് എത്തിയ 37 പേരാണ് നാല് തുടര്‍ സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ 300ലധികം പേര്‍ക്ക് പരിക്കേറ്റു. എന്‍ഐഎ ആദ്യം പ്രതിചേര്‍ത്ത ഒന്‍പത് മുസ്ലിം യുവാക്കളെ എന്‍ഐഎ കോടതി 2019ല്‍ കുറ്റവിമുക്തരാക്കി. ഒന്‍പത് പ്രതികള്‍ക്കും എതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തല്‍.

Scroll to Top