മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് റാലി നടത്തിയ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി
ഇംഫാല്‍: കോര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി (COCOMI) മണിപ്പൂരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
മണിപ്പൂരിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് COCOMI. ആയിരത്തോളം പേരാണ് റാലിയില്‍ അണിനിരന്നത്. ഇംഫാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഒത്തുകൂടി. മുഖ്യമന്ത്രി വസതിയിലെത്തി ആറ് ആവശ്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം സമര്‍പ്പിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം.
റാലിക്ക് മുന്നോടിയായി കാംഗ്ല ഫോര്‍ട്ട്, കേശംപത്ത് ജംഗ്ഷന്‍, ഖുരായ് ലാംലോഗ്, പാലസ് കോമ്പൗണ്ട് എന്നിവടങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇംഫാലിലെ സുപ്രസിദ്ധമായ ഇമാ കെറ്റില്‍ മാര്‍ക്കറ്റില്‍ വച്ചാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. റാലി പുരോഗമിക്കുന്നതിനിടയില്‍ പൊലീസ് റോഡ് ബ്ലോക്ക് ചെയ്യുകയും പ്രതിഷേധക്കാരെ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടയുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ കച്ചവടക്കാരും സാധനം വാങ്ങാന്‍ എത്തിയവരും ചിതറിയോടി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മണിപ്പൂരില്‍ സമാധാനവും സാധാരണ ജീവിതവും പുനസ്ഥാപിക്കണം, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണം, ലഹളയുടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം, മണിപ്പൂരിന്റെ ഭൂമിയെ സംരക്ഷിക്കണം(കയ്യേറ്റം തടയണം) എന്നീ ആവശ്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടമാണ് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങിയത്.
സംഘര്‍ഷത്തില്‍ ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍ റാലിയുടെ ഭാഗമായ ചിലര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. നീതി ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രതികരണം.




