ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചന്ദ്രഗിരി കോട്ട സന്ദര്‍ശിച്ചു
സംസ്ഥാന പുരാവസ്തു വകുപ്പില്‍ നിന്ന് നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടു നല്‍കിയ കാസര്‍കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര- കേന്ദ്രമായ ചന്ദ്രഗിരി കോട്ട ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് വിലയിരുത്തി. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന പുരാവസ്തു വകുപ്പില്‍ നിന്നും കോട്ട ഡി.ടി.പി.സിക്ക് (ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍) നടത്തിപ്പിനും പരിപാലനത്തിനുമായി കൈമാറിയതോടെയാണ് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചത്. പുരാവസ്തു പൈതൃക ഭംഗിക്ക് കോട്ടം തട്ടാതെ കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും, കോട്ടയും പരിസരവും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനുപുറമെ, കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനുമായി ഇരിപ്പിട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം ശുചിമുറികളും ഒരുക്കും.കോട്ടയ്ക്കുള്ളില്‍ നിറഞ്ഞ കുറ്റിക്കാടുകള്‍ വെട്ടി മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കും
ഈ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ചന്ദ്രഗിരി കോട്ടയെ ഒരു ഡെസ്റ്റിനേഷന്‍ വെഡിങ് ഉള്‍പ്പെടെയുള്ള വിവിധ ഇവന്റുകള്‍ക്കുള്ള ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, കുടുംബശ്രീ എ.ഡി.എം. സി ഡി. ഹരിദാസ്, ജില്ലാ നിര്‍മ്മിതി കേന്ദ്ര പ്രതിനിധി പി. എം ഹൃഷിത് ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




