കാസര്‍കോട്: ഗാസയില്‍ നടക്കുന്ന വംശഹത്യക്കും അവിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ ഐക്യദാര്‍ഢ്യ പ്രഖ്യാപനമായ ‘ഗാസയുടെ പേരുകള്‍’ എന്ന സാംസ്‌കാരിക സംഗമം നവംബര്‍ 2-ന് (ഞായര്‍) ഉച്ചതിരിഞ്ഞ് 3.30 മുതല്‍ പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കും.
ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍, ഗാസയില്‍ കൊല്ലപ്പെട്ട 18,000 നിരപരാധി കുട്ടികളുടെ പേരുകള്‍ വായിക്കുന്ന സംസ്ഥാനതല പരിപാടിയായ ‘ഗാസയുടെ പേരുകള്‍’ എന്ന സംഗമത്തിന്റെ കാസര്‍കോട് പതിപ്പാണ് ഇവിടെ അരങ്ങേറുന്നത്.
അഡ്വ. പി.വി.കെ. നമ്പൂതിരി ഫൗണ്ടേഷന്റെ നേതൃത്വത്തിലും, കാസര്‍കോട് നഗരത്തിലെ സാമൂഹ്യ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഈ കുട്ടികളുടെ ഓര്‍മ്മയ്ക്കായി, സമാധാനവും മനുഷ്യാവകാശ സംരക്ഷണവുമെന്ന ശക്തമായ സന്ദേശം ഉയര്‍ത്തിയാണ് സംഗമം നടത്തപ്പെടുന്നത്.
പ്രശസ്ത സാഹിത്യകാരന്‍ എന്‍. എസ്. മാധവന്‍, മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുക്കും. വിവിധ കലാ-സാംസ്‌കാരിക പരിപാടിയുടെ അവതരണങ്ങളും ചടങ്ങിന്റെ ഭാഗമായിരിക്കും.
പരിപാടിയുടെ തയ്യാറെടുപ്പിനായി നടന്ന ആലോചനാ യോഗം കാസര്‍കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. ജി.ബി. വത്സന്‍, ടി.എ. ഷാഫി, എം.വി. സന്തോഷ്, സുബിന്‍ ജോസ് എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ബി.എ. മുഹമ്മദ് കുഞ്ഞി, പി. ദാമോദരന്‍, എ.എസ്. മുഹമ്മദ് കുഞ്ഞി, ഗോകുല്‍ പി.വി., ഷാഫി എ. നെല്ലിക്കുന്ന്, ഫറൂഖ് കാസ്മി, ഷുക്കൂര്‍ കോളിക്കര എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടന്നു വരുന്ന ഈ സാംസ്‌കാരിക പ്രസ്ഥാനത്തിലൂടെ, മനുഷ്യകുലത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ സന്ദേശമാണ് കാസര്‍കോട് ഉയര്‍ത്തുന്നത്.




