നിയമസഭാ തിരഞ്ഞെടുപ്പ് 2026 സുരക്ഷ ചുമതല നിര്‍വഹിച്ച സേനാംഗങ്ങള്‍ക്ക് ആദരം

നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയില്‍ ഇ വി എം സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ചുമതല നിര്‍വഹിച്ച സശസ്ത്ര സീമാ ബല്‍ സേനാംഗങ്ങളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രശംസ പത്രം നല്‍കി ആദരിച്ചു. കാസര്‍കോട് ഗവ. കോളേജിലെത്തി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ ഭരണ സംവിധാനത്തിന്റെ ആദരം അറിയിച്ചു.
അസിസ്റ്റന്റ് കമാന്‍ഡന്റ് മോഹിത് ഭാര്‍ഗവ്,സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിഷന്‍ദാസ്, സഞ്ജയ് കുമാര്‍,കോണ്‍സ്റ്റബിള്‍ ബി. ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ സുരക്ഷയൊരുക്കിയത്. 86 സേനാംഗങ്ങള്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പ്രശംസ പത്രം നല്‍കി ആദരിച്ചു. എല്ലാ സേന അംഗങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ആദരപത്രം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍ കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ രാജീവന്‍ എന്നിവര്‍ സംസാരിച്ചു . സേനാംഗങ്ങള്‍ തിരികെ ബീഹാറിലേക്കാണ് പോകുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട നിയമപരിപാലനം, പോളിംഗ് കൗണ്ടിംഗ് സ്റ്റേഷനുകളുടെ സുരക്ഷാക്രമീകരണങ്ങള്‍, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തില്‍ സുരക്ഷാ അകമ്പടി സേവിക്കല്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പ് നടപടിഭാഗമായി വിവിധ സേവനങ്ങളാണ് സുരക്ഷാസേന നിര്‍വ്വഹിച്ചത്
ജില്ലയില്‍ ലഭിച്ച മികച്ച സഹകരണത്തിന് ജില്ലാ ഭരണ സംവിധാനത്തിനും ജില്ലാ പൊലീസിനും കേന്ദ്ര സേനാംഗങ്ങള്‍ നന്ദി അറിയിച്ചു.

Scroll to Top