കേരള വിഷന്‍ ടെക്‌നിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്:
കേബിള്‍ ടിവി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായി കാസര്‍കോട് മേഖലയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെയും ജീവനക്കാരുടെയും ടെക്‌നിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് ആര്‍ കെ മാളില്‍ നടന്ന സെമിനാര്‍ കേരള വിഷന്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
വരുന്ന രണ്ട് മാസത്തിനുള്ളില്‍ കേബിള്‍ ടിവി സര്‍വീസുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സെറ്റപ്പ് ബോക്‌സ് വഴി ലഭ്യമാക്കുന്നതിനും, ‘ടിവി എനിവെയര്‍’ (TV ANYWHERE) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് മുഴുവന്‍ പ്രോഗ്രാമുകളും ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്തു. KEE(Kerala Vision Extra Entertainment), മാജിക് ഡിജി, ഹെല്‍പ്പ് ഡെസ്‌ക്, ടൂറിസം, ടേണിംഗ്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച് രാജേഷ് വി.എ, ഡാനിയല്‍ വി.ജി, രാഹുല്‍ പി. രാജ്, ഡിഷാല്‍ ആന്റണി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
ചടങ്ങില്‍ സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ പ്രസംഗിച്ചു.സി.ഒ.എ സംസ്ഥാന എക്‌സിക്യൂട്ടീവ് ഷുക്കൂര്‍ കോളിക്കര സ്വാഗതവും കാസര്‍കോട് മേഖല പ്രസിഡന്റ് കെ. ദിവാകര നന്ദിയും പറഞ്ഞു. സാങ്കേതികമായ അറിവുകള്‍ പങ്കുവെക്കുന്നതിനൊപ്പം കേബിള്‍ ടിവി മേഖലയിലെ നൂതനമായ അപ്ഡേറ്റുകളെ കുറിച്ചും ജീവനക്കാര്‍ക്ക് അവബോധം നല്‍കുന്നതിനും സെമിനാര്‍ വഴിയൊരുക്കി.

Scroll to Top