വേനല്‍ കടുക്കുമ്പോഴുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടാന്‍ ജില്ല സജ്ജം. ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ജലബജറ്റിലെ കണക്കുകള്‍ പ്രകാരം കുറച്ച് വര്‍ഷങ്ങളായി ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലമിച്ചം ഉണ്ട്. ജലസംരക്ഷണ സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തെ ജലസംരക്ഷണ പ്ലാന്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തും 38 ഗ്രാമപഞ്ചായത്തുകളും ജലബജറ്റ് ഏകോപിപ്പിച്ച് സമഗ്രമായ ജില്ലാ ജലബജറ്റിനും രൂപം നല്‍കി. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ സംഘടിപ്പിച്ചു വരികയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി, വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള സമഗ്രമായ കര്‍മ്മപദ്ധതികള്‍ക്കാണ് ജില്ല രൂപം നല്‍കുന്നത്.
വന്‍കിട ജലപദ്ധതികളുടെ അഭാവമുള്ള ജില്ലയില്‍, ഭൂജല വിനിയോഗത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകള്‍ യഥാക്രമം ക്രിട്ടിക്കല്‍, സെമി ക്രിട്ടിക്കല്‍ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. തുലാവര്‍ഷത്തിലും വേനല്‍ മഴയിലുമുള്ള കുറവ്, ഇടനാടന്‍ കുന്നിടിക്കല്‍, രൂക്ഷമായ മണ്ണൊലിപ്പ് എന്നിവ മണ്ണിന്റെ ജലാഗിരണശേഷി കുറയ്ക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനു പുറമെ കുഴല്‍ കിണറുകളുടെ അമിതോപയോഗം ഭൂജലശോഷണം വര്‍ധിപ്പിക്കുകയും ഉപ്പുവെള്ളം കയറുന്നത് മൂലം വേനല്‍ക്കാലത്ത് പല സ്രോതസ്സുകളിലും ശുദ്ധജലം ലഭിക്കാതാവുകയും ചെയ്യുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പല പഞ്ചായത്തുകളിലും ടാങ്കര്‍ ലോറികളിലാണ് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്.
കുടിവെള്ളം ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികള്‍
ഈ വെല്ലുവിളികള്‍ നേരിടാന്‍ വിപുലമായ പദ്ധതികളാണ് ജില്ലയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. നദികളിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍ സ്ഥാപിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. പാലായി റെഗുലേറ്റര്‍ ബ്രിഡ്ജ് വന്നതോടുകൂടി കാര്യങ്കോട് പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് ഇല്ലാതായി. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് കാസര്‍കോട് ഭാഗങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇതിന് പുറമെ ചിത്താരി ഉപ്പുവെള്ള പ്രതിരോധ ബണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വരള്‍ച്ചാ തീവ്രത കുറയ്ക്കാന്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കും. സാധാരണ കിണറുകള്‍ക്കും കുഴല്‍ക്കിണറുകള്‍ക്കും ശാസ്ത്രീയമായ റീചാര്‍ജ്ജിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനും അതുവഴി ടാങ്കര്‍ ലോറികളിലെ ജലവിതരണം ഭാവിയില്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കാനും സാധിക്കും.
മണ്ണും ജലവും സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതികള്‍
അയ്യങ്കാളി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളുമായി ഏകോപിപ്പിച്ച് സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കും. വിവിധ ഏജന്‍സികളുടെ സഹായത്തോടുകൂടി മണ്ണ് സംരക്ഷണ വിഭാഗവും തദ്ദേശതലത്തില്‍ മണ്ണുജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുലാവര്‍ഷക്കാലത്ത് തരിശുഭൂമികളില്‍ മഴക്കുഴികളും തടങ്ങളും ഒരുക്കി മഴവെള്ളം കൂടുതല്‍ മണ്ണിലേക്കിറക്കാന്‍ ലക്ഷ്യമിടുന്നു. തെങ്ങ്, കവുങ്ങ് കൃഷിയിടങ്ങളില്‍ ശാസ്ത്രീയ മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനൊപ്പം തട്ടുതിരിക്കല്‍, മണ്ണ്കയ്യാലകള്‍, പുല്‍വരമ്പുകള്‍, ചെറു ചെക്ക് ഡാമുകള്‍ എന്നിവ നിര്‍മ്മിച്ച് ജലം പരമാവധി മണ്ണിലേക്ക് ഇറങ്ങാന്‍ അവസരമൊരുക്കും.
ജില്ലയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ മറ്റ് നൂതന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ഉടന്‍ നടപ്പിലാക്കും. നീര്‍ത്തടങ്ങളിലെ ഫസ്റ്റ് ഓര്‍ഡര്‍ മുതല്‍ അനുയോജ്യമായ തടയണകള്‍ നിര്‍മ്മിച്ച് ഒഴുകുന്ന ജലത്തെ മണ്ണിലേക്ക് കിനിഞ്ഞിറക്കും. അരുവികളുടെയും തോടുകളുടെയും ഉത്ഭവ പ്രദേശങ്ങളില്‍ വ്യാപകമായി വനവല്ക്കരണ പ്രവൃത്തികള്‍ ഏറ്റെടുക്കും. കൂടാതെ, മഴക്കാലത്ത് പ്രധാന നദികളിലുണ്ടാകുന്ന അധികജലം ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ സംഭരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. ശാസ്ത്രീയമായ ജലസംരക്ഷണത്തിലൂടെയും ജനങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തത്തിലൂടെയും വരും നാളുകളില്‍ ജലക്ഷാമത്തെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ ജില്ല സജ്ജമാണെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ പറഞ്ഞു.




