അവധിക്കാലം ആഘോഷമാക്കാം, ഒപ്പം വളരാം; ജില്ലയില്‍ കൗമാരക്കാര്‍ക്കായി വ്യക്തിത്വ വികാസ ക്യാമ്പുകള്‍

പാഠപുസ്തകങ്ങള്‍ക്കപ്പുറം ജീവിതം പഠിക്കാനും, സര്‍ഗ്ഗാത്മകതയുടെ ചിറകിലേറി പുതിയ ഉയരങ്ങള്‍ കീഴടക്കാനും കാസര്‍കോട്ടെ കൗമാരക്കാര്‍ക്ക് ഈ വേനല്‍ക്കാലം ആവേശകരമായ ദിനങ്ങള്‍. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ശിശു വികസന പദ്ധതി ഓഫീസറുമാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ സംയുക്തമായി ജില്ലയിലെ 12 ഐ.സി.ഡി.എസ് പ്രോജക്ട് പരിധികളിലായി സംഘടിപ്പിക്കുന്ന ‘വ്യക്തിത്വ വികാസ’ വേനല്‍ക്കാല ക്യാമ്പുകള്‍ സജീവമായി. ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പുകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് പുത്തന്‍ ഉണര്‍വേകും.

ക്ലാസ്സ് മുറികളിലെ പഠനം മാത്രമല്ല പഠനമെന്നും കളികളിലൂടെ എങ്ങനെ പഠിക്കാമെന്നും ഈ പരിശീലനങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കുന്നു. ആത്മവിശ്വാസം വളര്‍ത്തുന്ന ‘ഐസ് ബ്രേക്കിംഗ്’ സെഷനുകളിലൂടെയാണ് ഓരോ ക്യാമ്പും തുടങ്ങുന്നത്. പേടിയും മടിയും മാറ്റി കുട്ടികള്‍ സ്വയം പരിചയപ്പെടുത്തുമ്പോഴും ടീം ബില്‍ഡിംഗ് ഗെയിമുകളില്‍ ഏര്‍പ്പെടുമ്പോഴും പുതിയൊരു വ്യക്തിത്വത്തിലേക്കുള്ള ചുവടുവെപ്പായി അത് മാറുന്നു.

ആരോഗ്യവും സുരക്ഷയും വിരല്‍ത്തുമ്പില്‍

കൗമാരപ്രായത്തില്‍ നേരിടുന്ന ശാരീരിക-മാനസിക വെല്ലുവിളികളെ നേരിടാന്‍ ആരോഗ്യവകുപ്പിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കുന്നു. വ്യക്തിഗത സുരക്ഷ, കൗമാര ആരോഗ്യം, ശുചിത്വം എന്നിവയ്ക്ക് പുറമെ ആധുനിക കാലത്തെ വലിയ ഭീഷണിയായ മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണവും ക്യാമ്പിന്റെ ഭാഗമാണ്. ഡിജിറ്റല്‍ ലോകത്തെ ചതിക്കുഴികളെ തിരിച്ചറിയാന്‍ കൃത്രിമ ബുദ്ധി (AI), ഓണ്‍ലൈന്‍ സുരക്ഷ എന്നിവയിലുള്ള പരിശീലനം ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്.

ക്യാമ്പ് മുറികളെ ഊര്‍ജ്ജസ്വലമാക്കാന്‍ സുംബ ഡാന്‍സും, മൂവ്‌മെന്റ് തെറാപ്പിയും, യോഗയും ഒരുക്കിയിട്ടുണ്ട്. മനസ്സിനെ ശാന്തമാക്കാന്‍ ധ്യാനവും, സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ ആര്‍ട്ട് തെറാപ്പിയും ക്രാഫ്റ്റ് നിര്‍മ്മാണവും കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഡിബേറ്റുകളിലൂടെയും റോള്‍ പ്ലേകളിലൂടെയും തങ്ങളുടെ അഭിപ്രായങ്ങള്‍ ആര്‍ജ്ജവത്തോടെ പറയാന്‍ അവര്‍ പഠിക്കുന്നു.

ഭാവിയിലേക്കൊരു കരുതല്‍

സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്നതിനായി ഒരുക്കുന്ന ‘കുടുംബ ബജറ്റ്’ സെഷനുകള്‍ കുട്ടികളില്‍ ഉത്തരവാദിത്വബോധം വളര്‍ത്തുന്നു. ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഓരോ സെഷനുകളിലും ഊന്നിപ്പറയുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ നടക്കുന്ന ഈ സംരംഭം, പുതിയ തലമുറയെ കരുത്തുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

Scroll to Top