കുട്ടികളിലെ അറിവും കഴിവും വികസിപ്പിക്കുന്നതിനൊപ്പം പുതിയ ആശയങ്ങള്‍ കണ്ടെത്താനും സൗഹൃദങ്ങള്‍ ദൃഢമാക്കാനുമായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബാലസഭ ക്യാമ്പിന് കാഞ്ഞങ്ങാട് നഗരസഭയില്‍ തുടക്കമായി. ‘കളിക്കൂട്ടം’ എന്ന പേരില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഹാളില്‍ വെച്ച് നടക്കുന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍
വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.പുഷ്പലത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ 47 വാര്‍ഡുകളില്‍ നിന്നായി 74 കുട്ടികളാണ് ഈ വര്‍ഷത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ‘കാര്‍ബണ്‍ സന്തുലിതാവസ്ഥ’ എന്ന പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ കുടുംബശ്രീ ബാലസഭ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതു ഇടങ്ങള്‍ ബാലസൗഹൃദമാക്കുക എന്ന ആശയത്തിനും ക്യാമ്പ് വലിയ പ്രാധാന്യം നല്‍കുന്നു. ഇതിന്റെ ഭാഗമായി ആട്ടവും പാട്ടും, ഫ്രീ ഡാന്‍സ്, ‘എന്റെ കൂട്ടുകാരന്‍ എന്റെ ശക്തി’, കാര്‍ബണ്‍ മെഷര്‍ തുടങ്ങി കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍ നടന്നു.
ചടങ്ങില്‍ സംസ്ഥാന ബാല പാര്‍ലമെന്റില്‍ പങ്കെടുത്ത ബാലസഭ അംഗം കെ. തേജയെ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി. വൈസ് ചെയര്‍പേഴ്സണ്‍ ലതാ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.വി. ജാഫര്‍, എം.സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, സി.വിജയന്‍, കൗണ്‍സിലര്‍ എം. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
നഗരസഭ സെക്കന്‍ഡ് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.വി. രത്നാവതി സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ. ജിജി നന്ദിയും പറഞ്ഞു. പരിശീലന ക്ലാസുകള്‍ക്ക് എ.വി. സന്തോഷ് കുമാര്‍, വിജയകുമാര്‍ പനയാല്‍, ജിതിന്‍ കൊടക്കാട്, അനുശ്രീ മുഴക്കോം എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.




